News

6/recent/ticker-posts

Header Ads Widget


അൻവര്‍ മുതല്‍ സുധാകരൻ വരെ... വഴിപിരിഞ്ഞത് അഞ്ച് മുൻ എംഎല്‍എമാര്‍; സിപിഎമ്മിന് അസാധാരണ വെല്ലുവിളി


തിരുവനന്തപുരം: നാല് മുൻ എംഎല്‍എമാർ പരസ്യമായി വെല്ലുവിളിച്ച്‌ പാർട്ടി വിട്ടത് തെരഞ്ഞെടുപ്പ് കാലത്ത്് സിപിഎമ്മിന് സൃഷ്ടിക്കുന്നത് അസാധാരണ സാഹചര്യം.കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയും ദേവികുളത്ത് എസ്.രജേന്ദ്രനും പാലക്കാട് പി.കെ ശശിയും ആലപ്പുഴയില്‍ ജി.സുധാകരനുമാണ് സിപിഎമ്മുമായി കലഹിച്ച്‌ വഴിപിരിഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.

പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണൻ ഉയർത്തിയ ഭീഷണി ഇനിയും കെട്ടടങ്ങിയിട്ടില്ല. നാല് മുൻ എംഎല്‍എമാരില്‍ മൂന്ന് പേരുടെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാർഥിയായാണ് ഐഷ പോറ്റിയുടെ നിയോഗം. ദേവികുളത്ത് എസ്.രാജേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും. ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പയ്യന്നൂരിലെ വി.കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി ജനവിധി തേടുമെന്ന ചർച്ചകളുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

പി.കെ ശശിയും സ്ഥാനാർഥി സാധ്യതകള്‍ തേടുന്നുണ്ട്. സിപിഎം സ്വതന്ത്രനായിരുന്ന പി.വി അൻവർ നേരത്തെ തന്നെ പാർട്ടി വിട്ട് ബേപ്പൂരില്‍ ജനവിധി തേടുകയാണ്. വിഭാഗീയതക്ക് വിരാമമിട്ട ശേഷം ഉയർന്ന ഒറ്റപ്പെട്ട വിമത നീക്കങ്ങളെ സംഘടന ശേഷിയില്‍ അപ്രസക്തമാക്കിയ അനുഭവങ്ങളാണ് കഴിഞ്ഞ 13 വർഷത്തേതെങ്കിലും, കൈയിലൊതുങ്ങാത്ത വിധം കരുത്താർജിക്കുന്നുവെന്നതാണ് സമീപകാലത്തെ വിയോജിപ്പുകളുടെയും കൂറുമാറ്റങ്ങളുടെയും പൊതു സ്വഭാവം. വിഭാഗീയത ഉൻമൂലനം ചെയ്ത പാർട്ടി സെക്രട്ടറി എന്ന വിശേഷണമുള്ള പിണറായി വിജയൻ പാർട്ടിയിലും സർക്കാറിലും ഒരുപോലെ കരുത്തനായി തുടരുമ്പോഴാണ് പാർട്ടിക്കുള്ളിലെ അസാധാരണ പടനീക്കം.

എളമരം കരീം അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിമർശനമുന്നയിച്ചാണ് ജി.സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതിനെ കുറിച്ച്‌ അന്വേഷണം നടത്തിയ എളമരം കരീമിന്റേത് കള്ള റിപ്പോർട്ടാണ് എന്നാണ് സുധാകരൻ പറയുന്നത്. സിപിഎം അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ച്‌ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു വിമശർനം. തന്നെ പാർട്ടിയില്‍നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ 22 ആരോപണങ്ങളുള്ള റിപ്പോർട്ടാണ് തയാറാക്കിയത്.

അമ്പലപ്പുഴയില്‍ ഭൂരിപക്ഷം കുറഞ്ഞതിന് തനിക്കെതിരെ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ ഞാൻ കാര്യം വിശദീകരിച്ചു. അവർ വായിച്ചുനോക്കിയില്ല. കരീമിന്റെ റിപ്പോർട്ടില്‍ തന്റെ വാദങ്ങള്‍ ചേർത്തില്ല. സംസ്ഥാന കമ്മിറ്റിയില്‍, ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെ ആരും തന്നെ പിന്തുണച്ചില്ല. മറ്റുള്ളവർ നിശബ്ദരായിരുന്നു. അവർക്ക് കാര്യങ്ങള്‍ അറിയാം. എന്തടിസ്ഥാനത്തിലാണ് കരീം റിപ്പോർട്ട് എഴുതിയത് എന്നറിയില്ലെന്നും സുധാകരൻ പറഞ്ഞു.

Post a Comment

0 Comments