ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ ലോകസഭാ സ്പീക്കർ ഓം ബിർല ഇന്ന് സഭയില്‍ നിന്നും വിട്ടുനില്‍ക്കും.അവിശ്വാസ നോട്ടീസില്‍ തീരുമാനം പുറത്തുവരുന്നത് വരെ സ്പീക്കർ സഭയില്‍ എത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, പ്രതിപക്ഷ അംഗങ്ങളോട് പക്ഷപാതപരമായി പെരുമാറുക, പ്രതിഷേധക്കാരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്യുക തുടങ്ങിയ സ്പീക്കറുടെ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ നിരയിലെ വനിതാ എം.പിമാർക്കെതിരേ സ്പീക്കർ അസത്യം പ്രചരിപ്പിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ലോക്സഭ സ്പീക്കറെ നീക്കം ചെയ്യാനുള്ള അവിശ്വാസപ്രമേയത്തില്‍ ജനറല്‍ സെക്രട്ടറി നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കുകയും ഉചിതമായ തീരുമാനം സെക്രട്ടറി ജനറല്‍ കൈക്കൊള്ളാൻ സ്പീക്കർ നിർദ്ദേശം നല്‍കുകയും ചെയ്തു. സഭയില്‍ വരില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സ്പീക്കർ. നോട്ടീസ് മാർച്ച് 9ന് ചർച്ച ചെയ്യാനാണ് സാധ്യത.
അതേസമയം ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ലോക്സഭയില്‍ ബജറ്റ് ചർച്ച ഇന്നും തുടരും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.


0 Comments