തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സി.പി.എമ്മിന്റെ സൈബര് പോരാട്ടങ്ങള്ക്കായി രൂപീകരിച്ച സോഷ്യല് മീഡിയ ടീമില് പൊട്ടിത്തെറി.വിഭാഗത്തിന്റെ ചുമതലയുള്ള എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ നടപടികളില് പ്രതിഷേധിച്ച് മുതിര്ന്ന മാധ്യമപ്രവര്ത്തകര് ടീമില് നിന്ന് പടിയിറങ്ങി. ദേശാഭിമാനി മുന് ന്യൂസ് എഡിറ്റര്മാരായ കെ.വി സുധാകരന്, കെ. മോഹന്ദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീം വിട്ടത്.
പാര്ട്ടിക്കുള്ളില് നികേഷ് കുമാറിന് ലഭിക്കുന്ന അമിത പ്രാധാന്യത്തിലും ഏകപക്ഷീയമായ തീരുമാനങ്ങളിലുമുള്ള അതൃപ്തിയാണ് രാജിക്ക്പിന്നിലെന്നാണ് സൂചന. കണ്ണൂരിലെ സുരക്ഷിത മണ്ഡലത്തില് നികേഷ് കുമാറിനെ സ്ഥാനാര്ത്ഥിയാക്കുമെന്ന റിപ്പോര്ട്ടുകള്ക്കിടെയാണ് സൈബര് ടീമിലെ പൊട്ടിത്തെറികളും പുറത്തുവരുന്നത്.സമീപകാലത്തായി സി.പി.എമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള് കാര്യക്ഷമമാകുന്നില്ല എന്ന തരത്തിലുള്ള വിമര്ശനം പാര്ട്ടി കേന്ദ്രങ്ങളില് നിന്നു തന്നെ ഉയര്ന്നിരുന്നു. പാര്ട്ടി അനുഭാവികള് പോലും ഇതിലുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളില് പോസ്റ്റുകള് പങ്കുവെച്ചിരുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളിലെ ഇടപെടല് പാളുന്നതില് മുഖ്യമന്ത്രിയ്ക്കും അതൃപ്തിയുള്ളതായി സൂചനയുണ്ട്. ഇക്കാര്യം പാര്ട്ടിയെ അറിയിച്ചതായാണ് റിപ്പോര്ട്ടുകള്.
സി.പി.എമ്മിന്റെ സൈബര് ടീമിനെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മുന്കൈയെടുത്താണ് നികേഷ്കുമാറിനെ ടീമിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത്. എന്നാല് മേഖലാജാഥകളില് ഉള്പ്പെടെ കാര്യമായ പ്രചാരണം നല്കാന് കഴിഞ്ഞില്ല. ആഗോള അയ്യപ്പസംഗമം, സ്വര്ണക്കൊള്ള തുടങ്ങി പാര്ട്ടി പ്രതിരോധത്തിലാകുന്ന വിഷയങ്ങളിലൊന്നും ഫലവത്തായ പ്രതിരോധം തീര്ക്കാന് സൈബര് സംഘത്തിന് കഴിയുന്നില്ലെന്നും ആക്ഷേപമുയര്ന്നിരുന്നു.


0 Comments