കോഴിക്കോട്: വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ സർജറി ഉപകരണം വയറ്റില്‍ കുടുങ്ങിയ ഉഷ ജോസഫിന് ഐക്യദാർഢ്യവുമായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍നിന്ന് സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിട്ട ഹർഷിന.കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയിരുന്നു. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കിയിരുന്നുവെങ്കില്‍ ഇത്തരം പിഴവുകള്‍ ആവർത്തിക്കില്ലായിരുന്നു എന്ന് ഹർഷിനയ്ക്കായി സമരം ചെയ്യുന്ന സമരസമിതി വ്യക്തമാക്കി.സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിടേണ്ടിവന്ന ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം ചെയ്യും. സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിലാണ് ഹർഷിന പങ്കെടുക്കുക. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലൂടെ കത്രിക പിന്നീട് പുറത്തെടുത്തെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍ ഹർഷിനയെ വേട്ടയാടുന്നുണ്ട്. സർക്കാരില്‍നിന്നും നീതി ലഭിച്ചില്ലെന്ന് ഉന്നയിച്ച് ഹർഷിന പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. നേരത്തെ 104 ദിവസം തുടർച്ചയായി മെഡിക്കല്‍ കോളെജിന് മുന്നില്‍ ഹർഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.
2021 മെയ് അഞ്ചിന് വണ്ടാനം മെഡിക്കല്‍ കോളെജില്‍ വയറിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായി ഉഷ പറഞ്ഞിരുന്നു. ആശുപത്രികളില്‍ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് ടെസ്റ്റുകള്‍ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു താൻ. മൂത്രസഞ്ചിയില്‍ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടതെന്നും ഉഷ പറഞ്ഞു.
നിലവില്‍ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഉപകരണം വയറ്റില്‍നിന്ന് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ ഇന്നുണ്ടായേക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.


0 Comments