News

6/recent/ticker-posts

Header Ads Widget


സായാഹ്ന വാർത്തകൾ


2022 | സെപ്റ്റംബർ 26 | തിങ്കൾ
1198 | കന്നി 10 | അത്തം
➖➖➖➖➖➖➖➖➖
◾അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് നിലപാടു മാറ്റുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്ക് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെ ഹൈക്കമാന്‍ഡ് വിളിച്ചുവരുത്തി. മധ്യസ്ഥനാകാന്‍ അജയ് മക്കാനേയും വിളിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. എഐസിസി പ്രസിഡന്റു സ്ഥാനത്തേക്കു ഗെലോട്ടിന് പകരം വേറെ ആരെ പരിഗണിക്കുമെന്ന ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്.

◾പൊട്ടന്‍ കളിച്ച് ഗെലോട്ട്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കന്നതിനെതിരേ 90 എംഎല്‍എമാര്‍ രാജിവക്കുമെന്നു ഭീഷണിപ്പെടുത്തിയതിനു താന്‍ ഉത്തരവാദിയല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എല്ലാംതന്റെ കൈവിട്ട് പോയെന്നാണ് ഗെലോട്ട് പറയുന്നത്. ഗാന്ധി കുടുംബം അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ഗെലോട്ടിനെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കേയാണ് രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന്റെ അട്ടിമറി. ഇതേസമയം, കോണ്‍ഗ്രസിനെ അപഹസിച്ച ഗെലോട്ടിനെ അധ്യക്ഷനാക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി.

◾കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ നെഹ്റു കുടുംബത്തിന്റെ പിന്തുണ തനിക്കുണ്ടെന്ന് ശശി തരൂര്‍ എംപി. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയില്‍ വന്നത്. രാജ്യത്തെ ഭൂരിഭാഗം പേരും തന്നെ പിന്തുണക്കും. കേരളത്തിലെ ചിലരുടയും പിന്തുണ ലഭിക്കും. രാജസ്ഥാന്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും തരൂര്‍ വ്യക്തമാക്കി.

◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. എഐസിസി പ്രസിഡന്റു സ്ഥാനത്തേക്കു മല്‍സരിക്കാന്‍ സാധ്യതയുള്ള ദ്വിഗ് വിജയ്സിംഗും പാലക്കാട്ട് എത്തിയിട്ടുണ്ട്.

◾കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നുതന്നെ നിശ്ചയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാല വി.സി.ക്കാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയത്.

◾തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസുമായി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സി എ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കിയത്. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ കുറ്റപ്പെടുത്തി.

◾കണ്ണൂര്‍ പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പുല്ലുപ്പിക്കടവില്‍ ഇന്നലെ രാത്രി തോണി മറിഞ്ഞത് ആരും അറിഞ്ഞില്ല. പുഴയില്‍ മൃതദേഹം കണ്ടപ്പോഴാണ് തോണി മറിഞ്ഞ വിവരം നാട്ടുകാർ അറിഞ്ഞത്. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സഹദ് എന്നയാള്‍ക്കായി ഫയര്‍ ഫോഴ്സ് തെരച്ചില്‍ നടത്തുന്നു.

◾നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇഎംഎസ് തുടങ്ങിയ നേതാക്കള്‍ ജയിലില്‍ കിടന്നിട്ടില്ലേയെന്നു ചോദിച്ചുകൊണ്ടാണ് ജയരാജന്‍ കോടതിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തരോടു പ്രതികരിച്ചത്. യുഡിഎഫ് ഭരണകാലത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും ജയരാജന്‍ പറഞ്ഞു.  

◾കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. 100 എംബിബിഎസ് സീറ്റുകളിലേക്ക് ഈ വര്‍ഷം തന്നെ അഡ്മിഷന്‍ തുടങ്ങും.

◾ബിജെപി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ വീടു നിര്‍മിച്ചെന്നും പണം അടിച്ചമാറ്റിയെന്നും ആരോപിച്ച് പോസ്റ്റര്‍ യുദ്ധം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തിരുവനന്തപുരത്ത് ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കളായ വി.വി രാജേഷ്, സി ശിവന്‍കുട്ടി, എം ഗണേശന്‍ എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

◾മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ പ്രതികളായ കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിംലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവര്‍ ഹാജരായത്. മൂന്ന് കോടി രൂപ ചെലവായ നിര്‍മ്മാണത്തിന് പത്തു കോടി രൂപ ചെവായെന്നു കണക്കുണ്ടാക്കിയെന്നാണ് ഒരാരോപണം. ബില്ലുകളോ വൗച്ചറുകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു.

◾ഹിജാബ് വിഷയത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂളിലേക്ക് മുസ്ലിം വിദ്യാര്‍ഥി സംഘടനയായ എസ്ഐഒ  നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ നടക്കാവ് എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രൊവിഡന്‍സ് സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതുമൂലം ഏതാനും വിദ്യാര്‍ത്ഥിനികള്‍ ടി.സി വാങ്ങി സ്‌കൂള്‍ വിട്ടുപോയിരുന്നു.

◾ഓണ്‍ലൈന്‍ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ മൊഴിയെടുക്കാന്‍ പോലീസിനു മുന്നില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം തേടിയിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടനോട് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനെ പോലീസ് പുലര്‍ച്ചെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പൊലീസ് വാഹനം ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് എത്തിയത്. സ്ഫോടകവസ്തു എറിയുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം ജിതിന്‍ കായലില്‍ ഉപേക്ഷിച്ചെന്നാണ് ക്രൈംബാഞ്ചിന്റെ ഇപ്പോഴത്തെ വാദം.

◾കലൂരില്‍ ഇന്നലെ രാജേഷ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ അഭിഷേക് ജോണ്‍ അടക്കം രണ്ടു പേര്‍ പോലീസ് പിടിയിലായി. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് അഭിഷേക് ജോണ്‍. കൂട്ടാളിയായ കാസര്‍കോട് സ്വദേശി മുഹമ്മദാണ് ഒന്നാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ ഇന്ന് രാവിലെ പിടിയിലായിരുന്നു.

◾ഗാന്ധി ശിഷ്യന്മാര്‍ക്ക് ആലുവയില്‍ എങ്ങനെ സവര്‍ക്കരുടെ ചിത്രം വയ്ക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ സ്മാരകത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരജിനൊപ്പം പരിക്കേറ്റ അമലിനും അഭിജിത്തിനും അഞ്ചു ലക്ഷം രൂപ കൈമാറി. ധീരജിന്റെ അച്ഛനും അമ്മയും ചടങ്ങില്‍ പങ്കെടുത്തു.

◾പിപിഇ കിറ്റ് ധരിച്ച് ചാവക്കാട് ആശുപത്രിപടിയില്‍ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കൊട്ടാരക്കര 'കോട്ടത്തല രാജേഷ്' എന്നറിയപ്പെടുന്ന  കരിക്കത്ത് പുത്തന്‍വീട്ടില്‍  രാജേഷ് ആണ് പിടിയിലായത്.

◾സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ ലൈംഗിക അതിക്രമത്തിനു പരാതി നല്‍കിയ സീനിയര്‍ ക്ലര്‍ക്കിനു പൊലീസ് സംരക്ഷണം നല്‍കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. തൃശൂര്‍ വലപ്പാട് സര്‍വീസ്  സഹകരണ ബാങ്ക് സെക്രട്ടറി വി.ആര്‍ ബാബുവിനെതിരെ പരാതി നല്‍കിയ സീനിയര്‍ ക്ലര്‍ക്കിനാണു സംരക്ഷണം നല്‍കുക. 2010 മുതല്‍ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി.

◾വടകര പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലുദ്ദോഗസ്ഥന്റെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവര്‍ത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലേക്കു ശബ്ദ സന്ദേശമിട്ടാണ് സി.പി.ഓ ആത്മഹത്യക്കു ശ്രമിച്ചത്.

◾വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍കാട് ആലാലിയ്ക്കല്‍ വീട്ടില്‍ മുസ്തഫ (20) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

◾വിഴിഞ്ഞം ഉച്ചക്കടയിലെ ലേബര്‍ക്യാമ്പില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് ജാര്‍ഖണ്ഡിലെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തു. ലഖാന്ത്ര സാഹിന്‍ (44) ആണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡ് സ്വദേശിയായ കന്താ ലൊഹ്‌റയെയാണ്(36) കൊലപ്പെടുത്തിയത്.

◾കൊല്ലത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്.

◾ഉത്തരാഖണ്ഡിലെ വനതാര റിസോര്‍ട്ടില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെയും കാണാതായിരുന്നെന്നു കേസ്. എട്ടു മാസം മുന്‍പാണ് പൗരി ഗാഡ്വാള്‍ സ്വദേശിയായ റിസപ്ഷനിസ്റ്റിനെ കാണാതായത്. പെണ്‍കുട്ടി തന്റെ പണം മോഷ്ടിച്ച് കടന്നെന്നായിരുന്നു അന്ന് റിസോര്‍ട്ട് ഉടമയും ബിജെപി നേതാവിന്റെ മകനുമായ പുള്‍കിത് ആര്യ മൊഴി നല്‍കിയത്. ഇതേസമയം, റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പുറത്തുവരും.

◾രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ രാജസ്ഥാനിലെ കോണ്‍ഗ്രസ് പോരിനെ പരാമര്‍ശിച്ചു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദര്‍ യാദവിന്റെ ട്രോള്‍. ദയവായി ഇവരെ ആദ്യം ഒന്നിപ്പിക്കൂ എന്ന് അശോക് ഗെലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും ഒപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചു.

◾കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്. പാര്‍ട്ടിയുടെ കൊടിയും ഗുലാം നബി ആസാദ് ജമ്മുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കി.

◾സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

◾ഇറ്റലിയില്‍ ജോര്‍ജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ 'ബ്രദേഴ്സ് ഇറ്റലി'യുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. 400 അംഗ പാര്‍ലമെന്റില്‍ 'ബ്രദേഴ്സ് ഓഫ് ഇറ്റലി' സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലെത്തും.

◾റഷ്യയിലെ സ്‌കൂളില്‍ അജ്ഞാതന്റെ വെടിയേറ്റ് ആറ് പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ നഗരമായ ഇഷെവ്സ്‌കിലാണ് സംഭവം. വെടിവച്ചയാളെ പിടികൂടാനായിട്ടില്ല. സുരക്ഷാസേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി. വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

◾ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20യ്ക്കായി ഇന്ത്യന്‍ ടീം ഇന്ന് വൈകിട്ട് നാലരയോടെ തിരുവനന്തപുരത്തെത്തും. കഴിഞ്ഞ ദിവസം എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം തുടങ്ങി. ബുധനാഴ്ച ഏഴരയ്ക്ക് ഗ്രീന്‍ഫീല്‍ഡില്‍ റണ്ണൊഴുകും.

◾ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ ഒരു റേറ്റിംഗ് പോയിന്റ് കൂടി സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ റേറ്റിംഗ് പോയിന്റ് 268ലെത്തി. റാങ്കിംഗില്‍ രണ്ടാമതുള്ള ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്റ് കൂടുതലാണിത്. ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് റാങ്കിംഗിലെ മികവ്.

◾ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 82 രൂപ മുതല്‍ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.

◾ഓഹരി സൂചികകളിലും നഷ്ടം തുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. സെന്‍സെക്‌സ് 750 പോയന്റ് നഷ്ടത്തില്‍ 57,282ലിലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,100ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. യുഎസ് ട്രഷറി ആദായം 3.73 ശതമാനത്തിലെത്തിയും ഡോളര്‍ സൂചിക 113 മുകളില്‍ തുടരുന്നതുമാണ് പ്രധാന കാരണം. വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നെറ്റ് സെല്ലര്‍മാര്‍. വെള്ളിയാഴ്ച മാത്രം ഇവര്‍ 29000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചതെന്നാണ് സ്റ്റോക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്.

◾ഇന്ദ്രന്‍സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത 'വാമനന്‍' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. 'ഇടനെഞ്ചില്‍ തീയും' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. നിതിന്‍ ജോര്‍ജ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് വിധു പ്രതാപ് ആണ്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് വാമനന്‍. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹോം സ്റ്റേ മാനേജര്‍ ആണ് ഇന്ദ്രന്‍സിന്റെ കഥാപാത്രം. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾ധനുഷിന്റേതായി പ്രേക്ഷകര്‍ വിജയ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'വാത്തി'. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. 'വാത്തി'യുടെ ഓഡിയോ റൈറ്റ്സ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.

◾മാക്‌സി-സ്‌കൂട്ടര്‍ ശ്രേണിയില്‍ യമഹ വിപണിയിലെത്തിച്ച ഏറോക്‌സ് 155ന്റെ മോട്ടോ ജി.പി എഡിഷന്റെ ഇന്ത്യയിലെ വില കമ്പനി പ്രഖ്യാപിച്ചു. 1.41 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. രാജ്യത്ത് യമഹയുടെ ബ്ളൂ സ്‌ക്വയര്‍ പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. മെറ്റാലിക് ബ്ളാക്ക്, റേസിംഗ് ബ്ളൂ, ഗ്രേ വെര്‍മിലോണ്‍ നിറഭേദങ്ങളുണ്ട്. പുറമെ നേരത്തേ മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി എഡിഷനും യമഹ പുറത്തിറക്കിയിരുന്നു. 2021 സെപ്തംബറിലാണ് യമഹ ഏറോക്‌സ് 155ന്റെ ആദ്യ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കിയത്. 14.7 ബി.എച്ച്.പി കരുത്തുള്ളതാണ് 155 സി.സി എന്‍ജിന്‍.
🔚🔚🔚🔚🔚🔚🔚🔚🔚

Post a Comment

0 Comments