News

6/recent/ticker-posts

Header Ads Widget


സായാഹ്ന വാർത്തകൾ



2022 | സെപ്റ്റംബർ 28 | ബുധൻ
1198 | കന്നി 12 | ചോതി
➖➖➖➖➖➖➖➖➖
◾പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ 5 വര്‍ഷത്തേക്കു നിരോധിച്ചു. എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യവ്യാപക റെയ്ഡ് നടത്തി രേഖകളടക്കം പിടികൂടുകയും അഞ്ഞൂറോളം നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തശേഷമാണ് നിരോധനം. കേരളത്തില്‍ ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് 1,500 പേരാണ് അറസ്റ്റിലായത്. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്താറിനെ പോലീസ് എന്‍ഐഎക്കു കൈമാറും.

◾സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. നവവരാത്രിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. പകരം മറ്റേതെങ്കിലും ദിവസം പ്രവൃത്തിദിനമാക്കാവുന്നതാണ്. 4, 5 തീയതികളിലും അവധിയാണ്. ഇതേസമയം, ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്‌കൂളിലെത്തണമെന്ന നിര്‍ദേശവുമുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണത്തിനായി അവധിദിനമായ ഞായറാഴ്ച എത്തണമെന്നാണ് നിര്‍ദേശം.

◾തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കു ജനപ്രവാഹം. രാത്രി ഏഴിന് ആരംഭിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി 20 മല്‍സരത്തിന് ആവേശാരവങ്ങളുമായാണ് നേരത്തെത്തന്നെ ക്രിക്കറ്റ് ആരാധകര്‍ എത്തിയത്. കുപ്പിവെള്ളവുമായി ആരേയും അകത്തേക്കു പ്രവേശിപ്പിക്കില്ല. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.  

◾ജില്ലാ കളക്ടര്‍മാരില്‍ ചിലര്‍ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉചിതമായ തുടര്‍നടപടികളില്ല. എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരെ ഏല്‍പിക്കാന്‍ ചുമതലപ്പെടുത്തുന്ന കാര്യങ്ങള്‍ ചില കളക്ടര്‍മാര്‍ അവരെ അറിയിക്കാറില്ല. പലരേയും ഫോണില്‍ കിട്ടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനം. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ആരംഭിച്ച യോഗം നാളെയും തുടരും. ലഹരിവിരുദ്ധ ബോധവത്കരണം, പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി എന്നിവ  ചര്‍ച്ചയാകും.

◾ഭാരത് ജോഡ് യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുഞ്ഞിനെയും തോളിലെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. രാഹുല്‍ ഗാന്ധിക്കൊപ്പം നടന്‍ രമേശ് പിഷാരടിയും ഉണ്ട്. യാത്രയ്ക്കൊപ്പം സുരക്ഷാവടത്തിനപ്പുറത്ത് കുഞ്ഞിനെ തോളിലേറ്റി നടന്നിരുന്നയാളെ അരികിലേക്കു വിളിച്ചാണ് രാഹുല്‍ കുഞ്ഞിനെ തോളിലേറ്റിയത്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.

◾കെഎസ്ആര്‍ടിസിയില്‍ സമരത്തില്‍ മുടങ്ങുന്ന ബസ് സര്‍വീസ് ഷെഡ്യൂളുകളുടെ നഷ്ടം സമരം നടത്തുന്നവരില്‍നിന്ന്  ഈടാക്കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി ഭരിക്കുന്നതു ട്രേഡ് യൂണിയനുകളാണെങ്കില്‍ ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കണം. യൂണിയനുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നടത്തണം. എന്തു സമര സംസ്‌കാരമാണിത്? രാവിലെ ജോലിക്കെന്നു പറഞ്ഞുവന്ന് എല്ലാ സര്‍വീസും മുടക്കുകയാണ് ചെയ്യുന്നത് എന്ന് ഹൈക്കോടതി പറഞ്ഞു.

◾പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഇവയുടെ ഓഫീസുകള്‍ ഉടന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വരുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടി സ്വീകരിക്കുക.

◾ആലുവായിലെ 5 ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ നല്‍കിയത്. ആര്‍എസ്എസ്  കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കാനും കേന്ദ്ര നിര്‍ദേശമുണ്ട്.

◾പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ കൊലപാതകങ്ങളുടേയും ക്രിമിനല്‍ കുറ്റങ്ങളുടേയും വിവരണങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധന ഉത്തരവ് പുറത്തിറക്കിയത്. 2010ല്‍ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ കോളേജ് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവം, മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകം, 2017ലെ ബിബിന്റെ കൊലപാതകം, കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകരായ നന്ദുവിന്റെയും സഞ്ജിത്തിന്റെയും കൊലപാതകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കേന്ദ്ര ഉത്തരവില്‍ പരാമര്‍ശമുണ്ട്.

◾പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടന റിഹാബ് ഫൗണ്ടേഷനുമായി സഹകരിക്കുന്ന ഐഎന്‍എല്ലിനേയും പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുമാണ് ആവശ്യം ഉന്നയിച്ചത്.

◾പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍, അതേ പ്രവര്‍ത്തി ചെയ്യുന്ന ആര്‍എസിനെതിരെയും നടപടി സ്വീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസും തയ്യാറാകണം. നിരോധനം ഒന്നിനും പരിഹാരം അല്ല എന്നും യെച്ചൂരി പറഞ്ഞു.

◾തൊടുപുഴയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് 12, 13 വയസുള്ള നാലു വിദ്യാര്‍ഥികളെ കാണാതായി. ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

◾സംസ്ഥാന സമ്മേളനം 30നു തുടങ്ങാനിരിക്കെ സിപിഐ സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്കു മത്സരം ഉറപ്പായി. കാനം പക്ഷവും എതിര്‍ചേരിയും വിട്ടുവീഴ്ച്ചയ്ക്കില്ല. കാനത്തിനെതിരെ പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാനാണ് ഒരുക്കം. ഇതിനിടെ കഴിഞ്ഞ ദിവസം സി ദിവാകരന്‍ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ നടപടിയുണ്ടായേക്കും.

◾അട്ടപ്പാടി മധു കൊലക്കേസിന്റെ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും. മധുവിന്റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കാനാണ് മണ്ണാര്‍ക്കാട് പട്ടികജാതി - പട്ടികവര്‍ഗ വിചാരണ കോടതി ഉത്തരവിട്ടത്. മുഴുവന്‍ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും.

◾ആരോഗ്യ വകുപ്പു ഡയറക്ടറുടെ ചുമതലയുള്ള ഡോ. പ്രീത സ്വയം വിരമിക്കുന്നു. മൂന്നര വര്‍ഷത്തെ സേവനം ബാക്കിനില്‍ക്കേ, രാഷ്ട്രീയ ഇടപെടലുകളില്‍ മനംമടുത്താണ് ഈ മാസത്തോടെ വിരമിക്കുന്നതെന്നു ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.

◾പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കാര്യമില്ലെന്ന് സിപിഎം  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കും. നിരോധനം വര്‍ഗീയതക്കെതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചതുകൊണ്ടു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും പറഞ്ഞു.

◾പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

◾മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് വിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിജയന്‍ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തില്‍നിന്ന് തരിമ്പുപോലും ഉയര്‍ന്നിട്ടില്ലെന്ന് സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. ലാവ്‌ലിന്‍ കേസ് ഓരോ തവണയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ പുലഭ്യം പറഞ്ഞ് അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികള്‍ക്കൊരു ദയനീയ കാഴ്ചയാണ് എന്നും അദ്ദേഹം പറഞ്ഞു.

◾കോഴിക്കോട് ഹൈലൈറ്റ് മാളില്‍ യുവനടിമാര്‍ക്കെതിരായ ലൈഗിംകാതിക്രമ പരാതിയില്‍ പോലീസ് യുവനടിമാരുടെ മൊഴി എടുക്കും. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഫിലിം പ്രൊമോഷന്‍ പരിപാടിക്കിടെ ലൈംഗികാതിക്രമം നടന്നതിന് സിനിമാ നിര്‍മാതാവ് പോലീസില്‍ പരാതി നല്‍കി. ഒരു നടി സാമൂഹ്യമാധ്യമത്തിലൂടെ വിവരം പങ്കുവച്ചപ്പോഴാണ് അതിക്രമ വിവരം പുറത്തറിഞ്ഞത്.

◾മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് കല്യാണം കഴിച്ചതു വ്യഭിചാരമാണെന്നു പ്രസംഗിച്ചതിനാണു തന്നെ അഴിമതി ആരോപിച്ചു കള്ളക്കേസില്‍ കുടുക്കിയതെന്ന് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. മറ്റൊരു മതവിശ്വാസിയെ വിവാഹം ചെയ്യുന്നതു വ്യഭിചാരമാണെന്നത് മതശാസനയാണ്. മട്ടന്നൂരിലെ പള്ളി നിര്‍മ്മാണത്തില്‍ ഏഴ് കോടിയുടെ അഴിമതി ആരോപിച്ചാണ് കേസില്‍ കുടുക്കിയത്.

◾തൃശൂരില്‍ പോക്സോ കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുന്നംകുളം പോര്‍ക്കളം സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴയും ഒടുക്കണം. 2018 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം.

◾പാലക്കാട് കോതക്കുറുശിയില്‍ ഭര്‍ത്താവിന്റെ വേട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശ്ശി സ്വദേശി രജനി (38) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, രാജസ്ഥാനിലെ പ്രതിസന്ധി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.കെ. ആന്റണി ഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനമായി ലഭിച്ച 1,200 ഉപഹാരങ്ങള്‍ ലേലം ചെയ്യുന്നു. ലേലം ചെയ്യുന്ന ഇനങ്ങളെല്ലാം ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെബസൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ശേഖരത്തിലുള്ള 'തമ്പി' ശില്‍പത്തിന് 53 പേര്‍ വില പറഞ്ഞിട്ടുണ്ട്. 6.15 ലക്ഷം രൂപയാണ് ഉയര്‍ന്ന നിരക്ക്. സ്വര്‍ണം നേടിയ ഷൂട്ടിംഗ് താരം മനീഷ് നര്‍വാലിന്റെ ഒപ്പുള്ള ടി ഷര്‍ട്ടിനു 13.20 ലക്ഷം രൂപയുടെ ഓഫറുണ്ട്. ചിത്രങ്ങള്‍, ശില്‍പങ്ങള്‍, കിരീടംപോലുള്ള തൊപ്പികള്‍ എന്നിവ മുതല്‍ ശ്രീനാരായണ ഗുരുവിന്റെ ശില്‍പംവരെ ലേലത്തിനുണ്ട്.

◾ജമ്മു കാഷ്മീരില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. തോക്കുകളും ഗ്രനേഡുകളും ഭീകരരില്‍നിന്ന് പിടിച്ചെടുത്തു.

◾സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ചു. സല്‍മാന്‍ രാജാവാണ് ഉത്തരവിട്ടത്. നിലവില്‍ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

◾ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കുശേഷം നടക്കേണ്ട ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാകും ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ആയതിനാല്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം.

◾യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടര്‍ച്ചയായ നാലാംദിവസമാണ് രൂപ തകര്‍ച്ച നേരിടുന്നത്. വ്യാപാരത്തിന്റെ ആദ്യത്തില്‍ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് എക്കാലത്തേയും താഴ്ന്ന നിരക്കായ 81.93ലെത്തി. ഇന്നലെ 81.5788 ആയിരുന്നു രൂപയുടെ മൂല്യം. ഒരു ഡോളര്‍ ലഭിക്കാന്‍ 82 രൂപയോളം നല്‍കേണ്ട സ്ഥിതിയാണിപ്പോള്‍. അതേസമയം, ഡോളര്‍ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും ഇറക്കുമതിക്കാരില്‍ നിന്നുള്ള ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി. രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ യോഗത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് വിപണി. പണപ്പെരുപ്പം തടയാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടുകൂടിയാണ് ഡോളര്‍ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്.

◾അടുത്ത ദശകത്തില്‍ അദാനി ഗ്രൂപ്പ് 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി. സിങ്കപ്പൂരില്‍ ഫോര്‍ബ്സ് ഗ്ലോബല്‍ സി.ഇ.ഒ കോണ്‍ഫറന്‍സിലാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്. 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതില്‍ 70 ശതമാനവും ഊര്‍ജ ഉത്പാദത്തിനായും അടിസ്ഥാന സൗകര്യവികസനത്തിനുമായാണ്. സോളാര്‍ പാനലുകള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, ഹൈഡ്രജന്‍ ഇലക്ട്രോലൈസറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി 3 ജിഗാ ഫാക്ടറികള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കും. ഇന്ത്യയില്‍ നിന്ന് കയറ്റുമതി വര്‍ധിപ്പിക്കും. ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. 12.37 ലക്ഷം കോടിയാണ് അദാനിയുടെ ആകെ ആസ്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ സമ്പത്ത് 15.4 മടങ്ങാണ് വര്‍ധിച്ചത്.

◾ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ അടുത്തിടെ എത്തിയ ചിത്രമാണ് 'വെന്തു തനിന്തതു കാട്'. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു വീണ്ടും നായകനായി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മെഗാ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. എ ആര്‍ റഹ്‌മാന്റെ സംഗീത സംവിധാനത്തിലുള്ള 'മല്ലിപ്പൂ' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. 'വെന്തു തനിന്തതു കാട്' രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് സ്ഥിരീകരണം നല്‍കിയിരുന്നു. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും രണ്ടാംഭാഗം എത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് രണ്ടാംഭാഗം എത്തുക.

◾വേറിട്ട രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് 'മേ ഹും മൂസ'. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് ആരംഭിച്ച വിവരമാണ് പുറത്തുവരുന്നത്.  മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീന്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അവതരിപ്പിക്കുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജുകുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

◾മാരുതി ഗ്രാന്‍ഡ് വിറ്റാര അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒടുവില്‍ ഉയര്‍ന്ന മത്സരമുള്ള ഇടത്തരം എസ്.യു.വി സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുന്നു. കമ്പനിയുടെ ആദ്യത്തെ കരുത്തുറ്റ ഹൈബ്രിഡ് കാറും ഏറ്റവും കൂടുതല്‍ ഫീച്ചറുകള്‍ നിറഞ്ഞ എസ്.യു.വിയുമാണ് ഇത്. അതിന്റെ മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 10.45 ലക്ഷം മുതല്‍ 16.89 ലക്ഷം രൂപ വരെയും ശക്തമായ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 17.99 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
🔚🔚🔚🔚🔚🔚🔚🔚🔚

Post a Comment

0 Comments