ന്യൂഡല്‍ഹി: ഉത്തർപ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെതിരെ സുപ്രിംകോടതി.2021ലെ നിയമത്തിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി, അവ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ, പ്രത്യേകിച്ച് ആർട്ടിക്കിള്‍ 25ന്റെ ലംഘനമാണന്ന് വാക്കാല്‍ നിരീക്ഷിച്ചു.
നിലവിലെ മതത്തില്‍ നിന്ന് മറ്റൊരു മതവിശ്വാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് മേല്‍ യുപിയിലെ ഈ നിയമം വളരെ ഭാരിച്ച ബാധ്യതയാണ് ചുമത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ചില ഭാഗങ്ങള്‍ ഉപദ്രവകരമാണെന്നും സ്വകാര്യതയിലേക്കുള്‍പ്പെടെ കടന്നുകയറുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നിയമം കർശനമായ വ്യവസ്ഥകള്‍ ഏർപ്പെടുത്തുന്നുണ്ടെന്നും മതംമാറിയ വ്യക്തിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഉത്തരവില്‍ പരിശോധന ആവശ്യമായി വന്നേക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രയാഗ്‌രാജിലെ സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചർ ടെക്നോളജി ആൻഡ് സയൻസ് വൈസ് ചാൻസലർക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരായ എഫ്‌ഐആർ റദ്ദാക്കിയാണ് കോടതി നിരീക്ഷണങ്ങള്‍. ക്രിസ്തുമതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന്റെ രൂപവും പ്രകടനവുമാണെന്നും കോടതി അടിവരയിട്ടു. യുപി നിയമവിരുദ്ധ മതപരിവർത്തന നിയമത്തിന്റെ ഭരണഘടനാ സാധുത ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, മതപരിവർത്തനത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് മുമ്ബാകെ പ്രഖ്യാപനം നടത്തല്‍ നിർബന്ധിതമാക്കിയ നിയമം വ്യക്തിപരമായ കാര്യങ്ങളില്‍ സംസ്ഥാന ഇടപെടലിന് കാരണമായെന്നും ചൂണ്ടിക്കാട്ടി.
മതപരിവർത്തനം നടക്കുന്ന ഓരോ കേസിലും പൊലീസ് അന്വേഷണത്തിന് നിർദേശം നല്‍കാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിയമപരമായി ബാധ്യതയുണ്ട് എന്നതിലൂടെ പ്രസ്തുത നിയമത്തില്‍ സംസ്ഥാന അധികാരികളുടെ ഇടപെടല്‍ നിയമപ്രകാരം വളരെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മതം മാറിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കണമെന്ന നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകളും സുപ്രിംകോടതി ഉയർത്തിക്കാട്ടി. മതം മാറുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സ്വകാര്യതയ്ക്കുള്ള ഭരണഘടനാ അവകാശവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു.


0 Comments