തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ മറ്റ് സ്ഥാനാര്‍ഥികളെ സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎം ചെയ്യുന്നത് ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ പത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ഉള്‍പ്പെടെ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും ശ്രമം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഗുണ്ടായിസമാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ബിജെപി ഫാസിസം കാണിക്കുന്നുവെന്ന് സദാ പറയുന്ന ആളുകളാണ് സിപിഐഎം. എന്നാല്‍ അവര്‍ ചെയ്യുന്നതും ബിജെപി ചെയ്യുന്ന അതേ കാര്യങ്ങള്‍ തന്നെയാണ്. സ്ഥാനാര്‍ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്ന വിചിത്രമായ നടപടികളാണ് ഇവിടെ കാണുന്നത്. തീര്‍ത്തും ഒരു ഫാസിസ്റ്റ് പാര്‍ട്ടിയായി സിപിഐഎം മാറി. നീതിപൂര്‍വമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സിപിഐഎം തടയുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിനെ സംബന്ധിച്ച് മറ്റ് പ്രശ്‌നങ്ങളില്ല. വിമതശല്യം വളരെ കുറഞ്ഞ തിരഞ്ഞെടുപ്പാണിത്. എന്നാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സിപിഐഎമ്മിന് വിമതശല്യമുണ്ട്. പാലക്കാട് അട്ടപ്പാടിയില്‍ നേതാക്കള്‍ പരസ്പരം കൊലപാതക ഭീഷണി ഉയര്‍ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


0 Comments