തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സിപിഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം.മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്ന ചര്‍ച്ച യോഗത്തിലുണ്ടായി.
മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണ്. പി എം ശ്രീ അതിന് ഉദാഹരണമാണ്. പി എം ശ്രീയും വെള്ളാപ്പള്ളി നടേശന്റെ സമുദായ വിരുദ്ധ നിലപാടും മുസ്‌ലിം ന്യൂനപക്ഷത്തെ എല്‍ഡിഎഫില്‍ നിന്നകറ്റിയെന്നും യോഗം വിലയിരുത്തി.
ശബരിമല സ്വര്‍ണ്ണക്കൊള്ള തോല്‍വിക്ക് കാരണമായി. ഭരണവിരുദ്ധ വികാരം അടിത്തട്ടില്‍ ഉണ്ടായെന്നും യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍ഡിഎഫ് സർക്കാരിനെ സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശിച്ചിരുന്നു. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത വിമർശനം ഉയർത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സർക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാൻ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്നാണ് ജനയുഗം തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയുഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
'ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്ബര്യം അവകാശപ്പെടുമ്ബോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിത്തട്ടില്‍ ഇപ്പോഴും ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും അത്തരം പ്രവണതകളോടും ശക്തികളോടും മൃദുസമീപനം കൈകൊള്ളുന്നുവെന്നുമുള്ള തോന്നലും, പ്രതിപക്ഷ, മാധ്യമ പ്രചാരണങ്ങളും, ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ വിവിധ ജനവിഭാഗങ്ങളില്‍ ആശങ്ക വളർത്തുക സ്വാഭാവികമാണ്. സദുദ്ദേശ്യത്തോടെയെങ്കിലും എല്‍ഡിഎഫ് സർക്കാർ സമീപകാലത്ത് കൈക്കൊണ്ട ചില നടപടികളെങ്കിലും വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയും സംശയവും ജനിപ്പിച്ചിട്ടുണ്ടോ എന്നുള്ളതും ബന്ധപ്പെട്ടവർ പുനർവിചിന്തനവിധേയമാക്കണം' എന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിലും വെള്ളാപ്പള്ളി നടേശൻ്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളിലും സിപിഐഎം മൃദുസമീപനം സ്വീകരിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി എന്ന വിമർശനം നിലനില്‍ക്കെയാണ് ജനയുഗത്തിൻ്റെ ഈ വിമർശനം എന്നതും ശ്രദ്ധേയമാണ്.
ശബരിമല വിഷയത്തില്‍ സിപിഐഎമ്മിന് വീഴ്ച പറ്റിയെന്ന പരോക്ഷ സൂചനയും മുഖ്യപ്രസംഗത്തിലുണ്ട്. മതങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ജനജീവിതത്തില്‍ പ്രാമുഖ്യമുള്ള സമൂഹത്തില്‍ അവയുടെ നിയന്ത്രണാധികാരത്തിനായി നിയോഗിക്കപ്പെടുന്നവർ സംശുദ്ധവും സുതാര്യവുമായി ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന് മറുപടിനല്‍കാൻ രാഷ്ട്രീയനേതൃത്വം കടപ്പെട്ടിരിക്കുന്നുവെന്നും ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുവെന്നാണ് ജനയുഗത്തിൻ്റെ വിമർശനം.ക്ഷേമപെൻഷൻ വിഷയത്തില്‍ സിപിഐഎം നേതാവ് എം എം മണി നടത്തിയ വിവാദ പരാമർശത്തെയും ജനയുഗം പരോക്ഷമായി വിമർശിക്കുന്നുണ്ട്. 'രാഷ്ട്രീയമായി ജനങ്ങളെ അർഹിക്കുന്ന അളവില്‍ വിശ്വാസത്തിലെടുക്കുന്നതില്‍ മുന്നണിക്കും ഭരണകൂടത്തിനും വേണ്ടത്ര കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. നാടിന്റെ സമഗ്രവും സർവതല സ്പർശിയുമായ വികസനവും ജനങ്ങള്‍ക്ക് ഭരണകൂടം ഉറപ്പുവരുത്തുന്ന സാമൂഹ്യക്ഷേമ നടപടികളും ജനങ്ങളുടെ അനിഷേധ്യമായ അവകാശവും ഏതൊരു ഭരണകൂടത്തിന്റെയും രാഷ്ട്രീയവും സാമൂഹികവുമായ ഉത്തരവാദിത്തവുമാണ്. അതില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന വീഴ്ചകളും അതിന്റെപേരില്‍ ഉന്നയിക്കുന്ന ഔദാര്യഭാവവും അവകാശവാദങ്ങളും മുഖവിലയ്ക്കെടുക്കാൻ ജനങ്ങള്‍ സന്നദ്ധമല്ലെന്ന സന്ദേശം ഈ തെരഞ്ഞെടുപ്പുഫലം നല്‍കുന്നില്ലേയെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തണ'മെന്ന് ചൂണ്ടിക്കാണിച്ചാണ് ജനയുഗം എം എം മണിയെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.


0 Comments