ഡല്‍ഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
ശബരിമല വിഷയത്തിന് പുറമെ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ പ്രവേശം, ഷിയാ മുസ്‌ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിലെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണ് ഇന്നേക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. ഹർജികള്‍ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 2018 സെപ്തംബർ 28ന് എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അഞ്ച് പേരടങ്ങിയ ബെഞ്ചില്‍ അന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് വിയോജിച്ച് വിധിയെഴുതിയത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ എത്തുന്നത് സംസ്ഥാന സർക്കാരിന് നിർണായകമാകും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സർക്കാർ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഇതിനെ എതിർത്തെങ്കിലും 2018ല്‍ പിണറായി വിജയൻ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിർണായക വിധി പുറപ്പെടുവിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, വിഷയത്തില്‍ സംസ്ഥാന സർക്കാർ കോടതിയില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിർണായകമാണ്. പഴയ നിലപാടില്‍ തുടരുമോ അതോ സ്ത്രീപ്രവേശനത്തെ എതിർക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തോട് നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.
അതേസമയം ശബരിമല യുവതി പ്രവേശനത്തില്‍ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുൻ നിലപാട് സർക്കാർ തിരുത്തുമോ എന്ന് അറിയാൻ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.


0 Comments