മലപ്പുറം: സുന്നി ഐക്യത്തില്‍ ആർക്കും വിയോജിപ്പില്ലെന്നും ഐക്യശ്രമങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോയിട്ടുണ്ടെന്നും സമസ്ത കാന്തപുരം വിഭാഗം സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി.ഇരുസമസ്തയുടെയും മുശാവറകള്‍ ഐക്യത്തെ കുറിച്ച് നേരത്തെ തന്നെ ചർച്ച ചെയ്തിരുന്നു. ഐക്യശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി നാല് പ്രതിനിധികളെ വീതം നിയോഗിക്കുകയും ചെയ്തിരുന്നു. ഈ ചർച്ച വളരെ മുന്നോട്ട് പോയിട്ടുണ്ടെന്നും പേരോട് പറഞ്ഞു.
കാസർകോട് കുണിയയില്‍ നടന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയില്‍ നിന്ന് പോയവർ തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ കേരള യാത്രയില്‍ ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങളും സുന്നി ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം സമസ്തയില്‍ നിന്ന് വിട്ടുപോയവർ എന്ന ജിഫ്രി തങ്ങളുടെ പരാമർശത്തോട് കാന്തപുരം വിഭാഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത ശനിയാഴ്ച സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി കാന്തപുരം വിഭാഗം കോട്ടക്കലില്‍ വിളംബര സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നിലപാട് വ്യക്തമാക്കുമെന്നാണ് പേരോട് പറഞ്ഞത്.


0 Comments