News

6/recent/ticker-posts

Header Ads Widget


സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കടന്നാക്രമിച്ച്‌ രാഹുല്‍; വടക്കൻ കേരളത്തെ ഇളക്കിമറിച്ച്‌ യു.ഡി.എഫ് പര്യടനം


കോഴിക്കോട്: ഇളകിമറിഞ്ഞ് ജനം; അവരുടെ ഹൃദയത്തില്‍നിന്ന് ഉയർന്നുപൊങ്ങിയത് ഒരേയൊരു ശബ്ദം- രാഹുല്‍ ഗാന്ധി, രാഹുല്‍ ഗാന്ധി...ആവേശത്തള്ളിച്ചയില്‍ ആർത്തുവിളിക്കുന്ന പ്രവർത്തകരിലേക്ക് ഇറങ്ങിച്ചെന്നും സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ ആക്രമിച്ചും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പര്യടനം യു.ഡി.എഫിന് കൂടുതല്‍ ഉണർവായി. കണ്ണൂർ, കോഴിക്കോട് ജില്ലകളെ ഇളക്കിമറിച്ചായിരുന്നു രാഹുലിന്റെ പര്യടനം. ഇഷ്ടനേതാവിനെ കാത്ത് കത്തുന്ന വെയിലിലും മണിക്കൂറുകളോളം നിന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും അവരില്‍നിന്ന് പൂച്ചെണ്ടുകള്‍ സ്വീകരിച്ചും ഓരോ കേന്ദ്രങ്ങളിലും രാഹുല്‍ ആവേശത്തിര തീർത്തു.

കൊച്ചിയില്‍നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഹുല്‍ അവിടെനിന്ന് ഹെലികോപ്റ്ററിലാണ് കണ്ണൂർ പൊലിസ് മൈതാനത്തെ യു.ഡി.എഫ് വേദിയിലെത്തിയത്. അരമണിക്കൂർ നീണ്ട പ്രസംഗത്തിനൊടുവില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തേക്ക് ഹെലികോപ്റ്ററില്‍ പറന്നു. കഴിഞ്ഞ ആഴ്ച തന്നെ കാണാൻ കോഴിക്കോട് കടപ്പുറത്തെത്തി നിരാശരായി മടങ്ങിയവരോടുള്ള കടംവീട്ടല്‍ കൂടിയായി ഇന്നലത്തെ രാഹുലിന്റെ വരവ്. ഉച്ചയ്ക്ക് 1.30നു നാദാപുരം കല്ലാച്ചിയിലെ സമ്മേളനവേദിയിലെ ജനാവലിയുടെ നടുവിലേക്ക് രാഹുല്‍ എത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മുസ്്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ വാഹനം വേദിക്കരികിലേക്ക് കടത്തിവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നന്നേ പാടുപെട്ടു.

സി.പി.എം- ബി.ജെ.പി ഡീല്‍ ആരോപണത്തില്‍ ഊന്നിയായിരുന്നു അരമണിക്കൂർ നീണ്ട പ്രസംഗം. മഹിളാ കോണ്‍ഗ്രസ് നേതാവ് ജ്യോതി വിജയകുമാർ വളരെ വേഗത്തില്‍ പ്രസംഗം പരിഭാഷപ്പെടുത്തി. നരേന്ദ്ര മോദിയും ബി.ജെ.പിയും എല്‍.ഡി.എഫിനെയും പിണറായി വിജയനെയും സഹായിക്കുകയാണെന്നും ശബരിമലയില്‍ സ്വർണം കട്ടവരെ മോദി സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന അഞ്ചിന ഇന്ദിര ഗ്യാരണ്ടിയെ കുറിച്ചും അദ്ദേഹം വാചാലനായി. കൈയടിച്ചും ആർപ്പുവിളിച്ചുമായിരുന്നു രാഹുലിന്റെ പ്രസംഗത്തെ ജനം ഏറ്റെടുത്തത്.

നാദാപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി കെ.എം. അഭിജിത്തിനും കുറ്റ്യാടിയിലെ സ്ഥാനാർഥി പാറക്കല്‍ അബ്ദുല്ലക്കുമൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്തപ്പോള്‍ തടിച്ചുകൂടിയ ജനക്കൂട്ടമൊന്നാകെ ഇളകിമറിഞ്ഞു. വേദിയില്‍ നിന്നിറങ്ങുമ്പോള്‍ സുരക്ഷാവലയം ഭേദിച്ചെത്തിയ പ്രവർത്തകൻ സെല്‍ഫിയെടുക്കണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ അദ്ദേഹം നിന്നുകൊടുത്തു. ആള്‍ക്കൂട്ടത്തിനുനടുവിലൂടെ രാഹുലിനെ വാഹനത്തിലേക്ക് എത്തിക്കാൻ ഷാഫി പറമ്പില്‍ എം.പി പാടുപെടുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടിനാണ് പേരാമ്പ്രയിലെ സമ്മേളനവേദിയിലേക്ക് രാഹുല്‍ എത്തിയത്. പൊരിവെയിലില്‍ രാവിലെ മുതല്‍ കാത്തുനിന്നവർ രാഹുല്‍ വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആവേശത്തിലായി.

സമ്മേളന ഗ്രൗണ്ടും സമീപത്തെ റോഡുകളും കെട്ടിടങ്ങളുമെല്ലാം അപ്പോഴേക്കും ജനക്കൂട്ടത്തെ കൊണ്ട് നിറഞ്ഞിരുന്നു. വേദിക്കരികെനിന്ന് കുട്ടികളുടെ അടുത്തേക്കാണ് ആദ്യം പോയത്. കനത്ത സുരക്ഷാ വലയങ്ങള്‍ മറികടന്ന് ജനക്കൂട്ടം രാഹിലിനെ തൊടാനും കൈകൊടുക്കാനുമായി തള്ളിക്കയറി. രാഹുല്‍ വേദിയിലെത്തിയതോടെ സദസില്‍നിന്ന് ആരവമുയർന്നു. പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയുടെ ഇംഗ്ലിഷിലുള്ള പ്രസംഗം ശ്രദ്ധയോടെ കെട്ടിരുന്ന രാഹുല്‍ സ്ഥാനാർഥിയുമായി അല്‍പനേരം കുശലം പറഞ്ഞു. 35 മിനുട്ട് നീണ്ട പ്രസംഗത്തിനൊടുവില്‍ വേദിയില്‍നിന്നിറങ്ങി. പിഞ്ചുകുഞ്ഞുമായി കാത്തുനിന്ന വീട്ടമ്മയെ കണ്ട രാഹുല്‍ അവരുടെ അടുത്തേക്ക് നീങ്ങി. കുഞ്ഞിന് രാഹുലിന്റെ അനുഗ്രഹം വേണമെന്നായിരുന്നു വീട്ടമ്മയുടെ ആവശ്യം. കുഞ്ഞിന്റെ നെറുകെയില്‍ ചുംബിച്ച ശേഷം ആള്‍ക്കൂട്ടത്തിനുനടുവിലൂടെ കാറിലേക്ക്. സംഘാടകർ ലഘുഭക്ഷണം ഒരുക്കിയെങ്കിലും അതൊന്നും കഴിക്കാതെ ബാലുശേരിയിലേക്ക്. ഉള്ള്യേരിക്ക് സമീപം തെരുവത്ത് കടവില്‍ റോഡരികില്‍ കാത്തുനിന്ന പ്രവർത്തകരെ കണ്ട് വാഹനം നിർത്തി. സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി യാത്ര തുടർന്നു. ഷാഫി പറമ്പില്‍ ഇടപെട്ട് വരുത്തിയ ഭക്ഷണം കഴിച്ചതിന് ശേഷമാണു ബാലുശേരിയില്‍ എത്തിയത്. പൊലിസ് സ്റ്റേഷന് സമീപമെത്തിയ രാഹുലിന് ജനബാഹുല്യം കാരണം വാഹനത്തില്‍നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല. ബാലുശേരി മുക്കിന് സമീപത്ത് വാഹനമിറങ്ങിയ രാഹുലിനെ യു.ഡി.എഫ് സ്ഥാനാർഥി വി.ടി സൂരജ് ഷാളണിയിച്ച്‌ സ്വീകരിച്ചു. തുടർന്ന് സൂരജിനൊപ്പം ഇന്ദിര ഗ്യാരണ്ടി ബസില്‍ കയറി. ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രതിനിധികളായി സ്ത്രീകളായിരുന്നു ബസില്‍ അദ്ദേഹത്തിന്റെ സഹയാത്രികർ. നൻമണ്ടയിലേക്കുള്ള ബസ് യാത്ര പാതിവഴിയിലെത്തിയപ്പോള്‍ രാഹുല്‍ കാറിലേക്ക് മാറിക്കയറി.

സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി നൻമണ്ടയിലെ സ്വീകരണ സ്ഥലത്ത് ഇറങ്ങുന്നത് ഉദ്യോഗസ്ഥർ വിലക്കിയതോടെ സമീപത്തുനിന്ന് എലത്തൂരിലെ സ്ഥാനാർഥി വിദ്യ ബാലകൃഷ്ണനെ കണ്ടശേഷം കൊയിലാണ്ടിയിലേക്ക്. നൻമണ്ട ഹൈസ്‌കൂളിന് സമീപത്തെ മൈതാനിയില്‍ മണിക്കൂറുകളോളം കാത്തുനിന്നവർ രാഹുലിനെ കാണാനാകാതെ നിരാശരായി. കൊയിലാണ്ടിയിലേക്ക് കാർ മാർഗമായിരുന്നു യാത്ര. ജനസാഗരത്തിന് നടുവിലേക്ക് രാഹുല്‍ വന്നിറങ്ങി. യു.ഡി.എഫ് സ്ഥാനാർഥി കെ. പ്രവീണ്‍കുമാറിനൊപ്പം കൊയിലാണ്ടി നഗരത്തെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്ക് ശേഷം വൈകീട്ട് 5.30നു രാഹുല്‍ മടങ്ങി. ഹെലികോപ്റ്ററില്‍ കണ്ണൂർ വിമാനത്താവളത്തിലെത്തി അവിടെനിന്നാണ് ഡല്‍ഹിക്ക് തിരിച്ചത്.

Post a Comment

0 Comments