ഓമശ്ശേരി: പുത്തൂർ ഗവ. യു.പി. സ്കൂളിൽ പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനുള്ള ‘സുകൃതം’ പദ്ധതിക്ക് തുടക്കമായി. സമൂഹത്തിലെ നിർധനരായ രോഗികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിനായി വിദ്യാർത്ഥികളിൽ നിന്ന് ഫണ്ട് സമാഹരിക്കും. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനങ്ങൾ, വിവാഹ വാർഷികങ്ങൾ തുടങ്ങിയ ആഘോഷങ്ങൾക്ക് ചെലവഴിക്കുന്ന തുകയിൽ ഒരു ഭാഗം മാറ്റിവെച്ച് മണി ബോക്സിൽ നിക്ഷേപിക്കുന്നതിലൂടെയാണ് പ്രധാനമായും ഫണ്ട് ശേഖരിക്കുക. രക്ഷിതാക്കൾ, അധ്യാപകർ, സുമനസ്സുകൾ എന്നിവരുടെ സഹകരണവും സ്വീകരിക്കും. ആഴ്ചയിൽ ഒരു ദിവസം ‘സുകൃതം ഡേ’ ആയും ആചരിക്കും.കുട്ടികളിൽ ചെറുപ്പം മുതൽ കാരുണ്യം, സഹജീവിസ്നേഹം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സമാഹരിക്കുന്ന തുക അർഹരായ രോഗികൾക്ക് കൈമാറും.വിദ്യാർത്ഥികളിൽ നിന്ന് ആരംഭിക്കുന്ന ഈ ചെറിയ കരുതൽ സമൂഹത്തിന് വലിയൊരു സഹായമായി മാറുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
പഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ പദ്ധതി പ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസിഡന്റ് യുനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. ഷാഹിന മണി ബോക്സുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ദാസൻ, വാർഡ് മെമ്പർ ഷഫ്‌ന മാളിയക്കണ്ടി, വെളിമണ്ണ യു.പി. സ്കൂൾ പ്രധാനാധ്യാപകൻ യു.പി. അബ്ദുൽ ഖാദർ, പി.ടി.എ. വൈസ് പ്രസിഡന്റ് സി.പി. സലീം, എം.പി.ടി.എ. പ്രസിഡന്റ് ഷെറീജ, മൻസൂർ പാറങ്ങോട്ടിൽ,ദീപ ടീച്ചർ എന്നിവർ സംസാരിച്ചു.


0 Comments