News

6/recent/ticker-posts

Header Ads Widget


ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍, കേരളം തട്ടകമാക്കാന്‍ ഉറച്ച്‌ നേതാക്കള്‍



ഒരു വര്‍ഷത്തിനപ്പുറം എത്തുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.ബി.ജെ.പിയുടെ നീക്കങ്ങള്‍ ശരവേഗത്തിലാണ്. കോണ്‍ഗ്രസാകട്ടെ എവിടെനിന്ന് തുടങ്ങണമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലും.


'ഭാരത് ജോഡോ യാത്ര'യിലൂടെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആവേശം പ്രവര്‍ത്തകരിലും നേതാക്കളിലും പ്രകടമാണ്. എന്നാല്‍, അധികാരത്തില്‍ തിരിച്ചെത്താന്‍ ഇത് കൊണ്ടു കഴിയുമോ എന്ന് ഉറപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.


മോദിയുടെ തേരോട്ടം കണ്ട 2014ല്‍ കോണ്‍ഗ്രസ് നാണക്കേടിന്റെ ചരിത്രത്തിലേക്ക് ഒതുങ്ങിപ്പോയിരുന്നു. 44 സീറ്റാണ് രാജ്യത്ത് ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. 2019ല്‍ നില അല്‍പ്പം മെച്ചപ്പെടുത്തി. കേരളത്തിന്റെ കരുത്തില്‍ സീറ്റുകളുടെ എണ്ണം 52 ആക്കി. തുടര്‍ച്ചയായി രണ്ടു തവണയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിഞ്ഞുകിടന്നു.


2024ലേക്ക് എത്തുമ്ബോള്‍ സ്ഥിതി കൂടുതല്‍ അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അടക്കംപറച്ചില്‍. കൂടുതല്‍ മണ്ഡലങ്ങളുളള യു.പി, പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കൂടുതല്‍ സീറ്റ് നേടുക കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. ഏതെങ്കിലും സംസ്ഥാനത്ത് സീറ്റ് രണ്ടക്കം കടക്കുന്നുണ്ടെങ്കില്‍ അത് കേരളമായിരിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു.


എന്നാല്‍, കേരളത്തിലെ സ്ഥിതി പ്രവചനാതീതമാണ്. 2019ലെ സാഹചര്യമല്ല സംസ്ഥാനത്തുളളത്. ഭരണത്തുടര്‍ച്ചയില്‍ നില്‍ക്കുന്ന ഇടതുപക്ഷത്തിന് ലോക്‌സഭയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. കേവലം ഒരാള്‍ മാത്രമാണ് സി.പി.എമ്മിന് കേരളത്തില്‍നിന്ന്‌ ലോക്‌സഭയിലുളളത്. ജയം മാത്രം ലക്ഷ്യമിട്ട് സീറ്റ് നിര്‍ണയത്തിലടക്കം ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത കാണിക്കും.


ഇതിനു പുറമെ വോട്ട് ഷെയര്‍ ഉയര്‍ത്താന്‍ ബി.ജെ.പിയും ശ്രമിക്കുമെന്നതിനാല്‍ കോണ്‍ഗ്രസിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പാമാകില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്), രാഹുല്‍ ഗാന്ധി (വയനാട്), വി.കെ. ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂര്‍), ബെന്നി ബെഹ്നാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര,)എന്നിവരാണ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പുളളവര്‍. പക്ഷേ ഈ സീറ്റുകള്‍ പൂര്‍ണമായും നിലനിര്‍ത്തുക ദുഷ്‌കരമായിരിക്കും.


സിറ്റിങ് എം.പിമാരില്‍ ഏഴ് പേര്‍ ഇത്തവണ ഡല്‍ഹിയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം ഉളളതിനാല്‍ കെ. സുധാകരന്‍ മത്സരിക്കില്ല. അനാരോഗ്യവും അദ്ദേഹത്തിന് പ്രശ്‌നമാണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയ്യാറെന്ന് പ്രഖ്യാപിച്ച കെ. മുരളീധരന് ലോക്‌സഭയിലേക്ക് പോകുന്നതില്‍ ഇരു മനസാണ്. വടകര വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. സീറ്റ് ലീഗിന് വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ല. അല്ലെങ്കില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വീണ്ടും വടകരയില്‍ മത്സരിക്കട്ടെ എന്നും കെ. മുരളീധരന്‍ നിലപാട് സ്വീകരിക്കുന്നു.


വട്ടിയൂര്‍ക്കാവോ അല്ലെങ്കില്‍ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും സീറ്റോ ആണ് മുരളീധരനു നോട്ടം. കോഴിക്കോട് വിട്ടൊരു കളിയില്ലെന്ന് ആവര്‍ത്തിക്കുന്ന എം.കെ രാഘവനും സംസ്ഥാനത്ത് സജീവമാകും. നഗരമധ്യത്തിലെ നിയമസഭ മണ്ഡലം തന്നെയാണ് ലക്ഷ്യം. എം.പിയെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ ടി.എന്‍ പ്രതാപനും ഡല്‍ഹി മടുത്ത മട്ടാണ്. ഇന്ദ്രപ്രസ്ഥത്തോടുളള ഇഷ്ടം നിലനിര്‍ത്തി കൊണ്ട് തന്നെ ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു. 2009 മുതല്‍ ലോക്‌സഭാംഗമായ ആന്റോ ആന്റണിയും പുനരാലോചനയിലാണ്. തട്ടകം കേരളമാക്കാനുളള ഒരുക്കത്തിലാണ് അദ്ദേഹം.


ഇടതുകോട്ടയായ ആറ്റിങ്ങലില്‍ എ. സമ്ബത്തിനെ അട്ടിമറിച്ചെത്തിയ അടൂര്‍ പ്രകാശ് കോന്നിയിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. സംസ്ഥാനത്ത് സജീവമായി കോന്നി തിരിച്ചുപിടിക്കാമെന്നാണ് അദ്ദേഹത്തിന്റെ കണക്കൂകൂട്ടല്‍. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കരുക്കള്‍ നീക്കുന്ന ശശി തരൂരും ലോക്‌സഭാ സ്വപ്നം ഉപേക്ഷിച്ചു. എന്‍.എസ്.എസിന്റേയും ക്രൈസ്തവ സഭകളുടേയും പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്ന അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചേക്കും.


തത്വത്തില്‍ ആകെയുളള 15 സിറ്റിങ് എം.പിമാരില്‍ എട്ട് പേര്‍ മാത്രമാകും മത്സരരംഗത്തുണ്ടാവുക. 2019ല്‍ കേന്ദ്രത്തില്‍ അധികാര മാറ്റം പ്രതീക്ഷിച്ചാണ് പലരും ലോക്‌സഭയിലേക്ക് മത്സരിച്ചത്. രാഹുല്‍ ഗാന്ധി കൂടി വയനാട്ടില്‍ കളത്തിലിറങ്ങിയതോടെ 15 സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇക്കുറി അത്തരമൊരു കുതിപ്പിന് സാധ്യത ഇല്ലെന്നാണ് സിറ്റിങ് എം.പിമാരുടെ വിലയിരുത്തല്‍.


ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഭരണം ലഭിക്കാനുളള സാധ്യത വിരളമെന്നതും ഇവരുടെ മനംമാറ്റത്തിന് പിന്നിലുണ്ട്. എം.പി ഫണ്ട് വിനിയോഗം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും നേതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.


Post a Comment

0 Comments