News

6/recent/ticker-posts

Header Ads Widget


ലൈബ്രറി ആഘോഷത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രാദേശിക നേതാവ് മരിച്ചു

കൊല്ലം: പുനലൂരില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകൻ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സന്തോഷ് (44) ആണ് ഇന്ന് രാത്രിയോടെ മരിച്ചത്.ബിജെപിയുടെ പ്രാദേശിക നേതാവാണ് സന്തോഷ്. മുൻ വൈരാഗ്യത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണം നടക്കാനുള്ള കാരണം. കുത്തേറ്റ സന്തോഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ നിതിൻ, സജികുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. ലൈബ്രറി ആഘോഷത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം.

ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ വിജു എന്ന വ്യക്തി വാര്‍ഡ് കൗണ്‍സിലറെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ കൗണ്‍സിലറും സുഹൃത്തുക്കളും പിന്നീട് വിജുവിനെ മര്‍ദ്ദിക്കാനായി സംഘം ചേര്‍ന്ന് പോവുകയായിരുന്നു. വിജുവും സന്തോഷും മദ്യപിച്ചിരിക്കെയാണ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ അടുത്തേക്ക് എത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സന്തോഷിന് കുത്തേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വാര്‍ഡിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments