News

6/recent/ticker-posts

Header Ads Widget


പരീക്ഷ എഴുതാത്ത SFI നേതാവ് 'ജയിച്ച'തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് KSU

കൊച്ചി: പരീക്ഷാസമയത്ത് ജയിലിലായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന നേതാവ് പി.എം.ആര്‍ഷോ ജയിച്ചെന്ന് മാര്‍ക്ക്ലിസ്റ്റ് വന്നതില്‍ ദുരൂഹതയെന്ന് കെ.എസ്.യു.സംഭവം വിവാദമായതോടെ തടിയൂരാനാണ് കോളേജ് അധികൃതര്‍ സാങ്കേതിക പിഴവെന്ന് പറയുന്നതെന്നും മഹാരാജാസ് കോളേജിലെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രിൻസിപ്പലിനെ ഉപരോധിച്ചു.

'എല്ലാ വിദ്യാര്‍ഥികളുടെയും വിഷയവും വിഷയത്തിന്റെ മാര്‍ക്കും വരുമ്ബോള്‍ ആര്‍ഷോയുടെ മാര്‍ക്ക്ലിസ്റ്റില്‍ മാത്രം മാര്‍ക്കുകളില്ല. എന്നാല്‍, സെമസ്റ്റര്‍ പാസായതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്.എഫ്.ഐക്കാര്‍ക്കായി ഒത്താശ ചെയ്യുന്ന അധ്യാപകരും ഉദ്യോഗസ്ഥരും കോളേജിനകത്തുതന്നെയുണ്ട്. അത് പുറത്തുകൊണ്ടുവരണം', മഹാരാജാസിലെ കെ.എസ്.യു. വൈസ് പ്രസിഡന്റ് ഫാസില്‍ ആവശ്യപ്പെട്ടു.

ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തോടൊപ്പം, മഹാരാജാസില്‍ അധ്യാപികയായിരുന്നെന്ന് വ്യാജരേഖ ചമച്ച പൂര്‍വവിദ്യാര്‍ഥിനി കെ.വിദ്യയുടെ വിഷയവും ഉന്നയിച്ചായിരുന്നു കെ.എസ്.യു. ഉപരോധം. വിദ്യയും എസ്.എഫ്.ഐ. പ്രവര്‍ത്തകയാണെന്നാണ് കെ.എസ്.യു. പറയുന്നത്.

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിയ്ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. 'മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐക്കാരെ എഴുതാത്ത പരീക്ഷ വിജയിപ്പിക്കാനും വിദ്യാര്‍ഥികള്‍ അധ്യാപകരാണെന്ന് പറഞ്ഞ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാജാസില്‍ മാത്രമല്ല, ഇടതുപക്ഷ അധ്യാപക സംഘടനകളുള്ള കേരളത്തിലെ മിക്ക കോളേജുകളിലും ഇതാണവസ്ഥ. ഇതിനെതിരേ ഡി.സി.സിയും കെ.എസ്.യുവും ശക്തമായി മുന്നോട്ടുപോകും', ഷിയാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റ് വന്നത് എങ്ങനെയെന്നറിയില്ലെന്ന് ആര്‍ഷോ പ്രതികരിച്ചു . മാര്‍ക്ക്ലിസ്റ്റ് കണ്ടിട്ടില്ല. ബോധപൂര്‍വം വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എസ്.എഫ്.ഐ. നേതാവ് ആരോപിച്ചു.

Post a Comment

0 Comments