News

6/recent/ticker-posts

Header Ads Widget


രാഹുല്‍ ഗാന്ധിക്ക് അതിനിര്‍ണായകം; 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തി കേസ്, അപ്പീല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍


ദില്ലി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച്‌ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്' രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.

തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കേസില്‍ ജില്ലാ കോടതിയെയാണ് രാഹുല്‍ ഗാന്ധി സമീപിച്ചത്. എന്നാല്‍, അപ്പീല്‍ തള്ളിയതോടെ രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. എന്നാല്‍, മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി വ്യക്തമാക്കിയത്.

10 ലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ച് നിരീക്ഷിച്ചു. പാര്‍ലമെന്‍റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുലിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റമാണ്.

ഇത് വ്യക്തിപരമായ ഒരു മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസാണ്. മോദി എന്നത് വ്യക്തമായ സമുദായമല്ലെന്ന വാദം നിലനില്‍ക്കില്ല. രാഹുലിനെതിരെ പത്തോളം ക്രിമിനല്‍ കേസുകളുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി അത്യന്താപേക്ഷിതമാണ്. ജനപ്രതിനിധിക്ക് കളങ്കിത ചരിത്രമുണ്ടാവരുത്. രാഹുല്‍ കുറ്റം ആവര്‍ത്തിക്കുന്നുവെന്നും വിധിയില്‍ പറഞ്ഞിരുന്നു. ഇതോടെ രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Post a Comment

0 Comments