കോഴിക്കോട്: പിഎം ശ്രീ വിഷയത്തില്‍ നിലപാട് മാറ്റിയതില്‍ യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി എസ്‌കെഎസ്‌എസ്‌എഫ്.പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിഎം ശ്രീ വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണത്തിനുള്ള കവാടമാണെന്ന് വാദിച്ചവർ ഇന്ന് അതേ പദ്ധതിയെ സ്വീകരിക്കാൻ തയ്യാറെടുക്കുമ്പോള്‍ പിഎം ശ്രീ ആണോ അതോ രാഷ്ട്രീയ നിലപാടാണോ മാറിയത് എന്നതാണ് ജനങ്ങള്‍ മുന്നിലുയരുന്ന ചോദ്യമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ചേരുന്നത് സംസ്ഥാനങ്ങളുടെ നിർബന്ധിത ബാധ്യതയല്ലെന്നും താത്പര്യമില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് അതില്‍ നിന്ന് പിന്മാറാമെന്നും കേന്ദ്ര സർക്കാർ തന്നെ രാജ്യസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് നിർബന്ധിത സാഹചര്യമാണ് എന്ന വാദം നിലനില്‍ക്കില്ല. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഈ പദ്ധതിക്കെതിരെ ഉയർത്തിയ വിമർശനങ്ങള്‍ കേരളം മറന്നിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള ഉപാധിയാണിത് എന്നും വിദ്യാഭ്യാസരംഗത്തെ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുമെന്നും, പൊതുവിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് ഭീഷണിയാണെന്നും അന്ന് ശക്തമായി പറഞ്ഞിരുന്നു.
ഇന്ന് അധികാരത്തിലിരുന്ന് അതേ പദ്ധതിക്ക് അനുകൂലമായ തീരുമാനം എടുക്കുമ്പോള്‍ സ്വാഭാവികമായും ഒരു വിശദീകരണം ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലപാടുകള്‍ മാറുന്നത് ജനാധിപത്യത്തില്‍ അസ്വാഭാവികമല്ല. പക്ഷേ, വോട്ടെടുപ്പിനും ജയിക്കുന്നതിനും ഒക്കെ മുമ്പ് പറഞ്ഞ കാരണങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമെടുക്കുമ്പോള്‍ അതിന്റെ കാരണം ജനങ്ങളോട് തുറന്നു പറയാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു സർക്കാരിനും ഒഴിഞ്ഞുമാറാനാവില്ല.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഒരു സർക്കാരിന്റെ ഔദാര്യമല്ല. സാമൂഹിക നവോഥാനത്തിന്റെ ദീർഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പൊതുസമ്പത്താണ് അത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ കണ്ണാടിയിലൂടെ അല്ല, വരുംതലമുറകളുടെ ഭാവി മുന്നില്‍ കണ്ടായിരിക്കണം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, അധ്യാപക ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി പരിഹാരം കാത്തുനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഇന്നും വിദ്യാഭ്യാസ മേഖലയിലുണ്ട്. അവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്നതാകണം പ്രഥമ പരിഗണന.
ഇന്നലെ എതിർത്ത അതേ പദ്ധതി ഇന്ന് സ്വീകരിക്കേണ്ടിവന്നത് എന്തുകൊണ്ട്? അന്ന് ഉന്നയിച്ച വിമർശനങ്ങള്‍ തെറ്റായിരുന്നോ? അതോ ഇന്നത്തെ തീരുമാനം പഴയ നിലപാടിന് വിരുദ്ധമാണോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി വേണം. പൊതുവിദ്യാഭ്യാസം അധികാരത്തിന്റെ ചെസ് ബോർഡിലെ കരുവല്ല. അത് കേരളത്തിന്റെ ഭാവിയാണ്. ആ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സ്ഥിരതയും സത്യസന്ധതയും ഒരുപോലെ അനിവാര്യമാണ്. അധികാരങ്ങള്‍ മാറാം. സർക്കാരുകള്‍ മാറാം. പക്ഷേ, പൊതുവിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവവും സാമൂഹ്യനീതിയും കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണവും ഒരിക്കലും വിട്ടുവീഴ്ച ചെയ്യപ്പെടാൻ പാടില്ലെന്നും ഒ.പി.എം അഷ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു.


0 Comments