മലപ്പുറം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ ഈ വർഷം ഹജ്ജ് ക്വാട്ടക്ക് അനുസരിച്ച് അപേക്ഷകരില്ലാത്തതിനാൻ നറുക്കെടുപ്പില്ല.കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ഹജ്ജ് ക്വാട്ടയേക്കാള്‍ കൂടുതല്‍ അപേക്ഷകരുള്ളത്. ഇവിടെ നറുക്കെടുപ്പ് നടത്തി വെയ്റ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
ഇന്ത്യയില്‍ ആകെ 1,98,871 അപേക്ഷകളാണ് ലഭിച്ചത്. മുസ്ലിം ജനസംഖ്യാനുപാതത്തിലാണ് ഹജ്ജ് ക്വാട്ട നല്‍കിയത്. സഊദിയില്‍ ഹജ്ജ് ക്വാട്ട കൃത്യമായി ലഭിക്കാത്തതിനാല്‍ ഒരു ലക്ഷം ക്വാട്ട കണക്കാക്കിയാണ് ഈ വർഷം ഹജ്ജ് ക്വാട്ട സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വീതം വച്ചത്. 65 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കാറ്റഗറിയില്‍ 19,388 പേർക്കും 65 മുകളില്‍ പ്രായമുള്ള 1082 സ്ത്രീകള്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മെഹ്റമില്ലാത്ത 4177 സ്ത്രീകള്‍ക്കും കഴിഞ്ഞ വർഷത്തെ അപേക്ഷകരായ 5579 പേർക്കും അടക്കം 30,247 പേർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം നല്‍കി.
1,68,645 പേരില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തിയത്.സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി 32 ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴിലാണ് അപേക്ഷകള്‍ കേന്ദ്രത്തിന് നല്‍കിയത്. ഇതില്‍ 22 ഇടങ്ങളിലും ക്വാട്ടക്ക് അനുസരിച്ച് അപേക്ഷകരില്ലാത്തതിനാല്‍ നേരിട്ട് അവസരം നല്‍കി.
കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, കർണാടക, തമഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഹജ്ജ് ക്വാട്ടയേക്കാള്‍ കൂടുതല്‍ അപേക്ഷകരുള്ളത്. ഇവിടെയാണ് നറുക്കെടുപ്പ് നടന്നത്.
സാധാരണ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുണ്ടാവുന്നത് ഉത്തർപ്രദേശില്‍ ഇത്തവണ അപേക്ഷകള്‍ കുറഞ്ഞതിനാല്‍ മുഴുവൻ പേർക്കും അവസരം ലഭിച്ചു. ഹജ്ജ് ക്വാട്ട കൂടുതലും ലഭിച്ചത് യു.പിക്കാണ്. ക്വാട്ട കൂടുതല്‍ ലഭിച്ച സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമതാണ്. ഹജ്ജ് അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് 16,295 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ 31,422 അപേക്ഷകളുള്ള ഗുജറാത്തിന് ലഭിച്ചത് 7519 ഹജ്ജ് സീറ്റുകള്‍ മാത്രമാണ്.


0 Comments