വ്യാപകമായി ഭൂമിയേറ്റെടുക്കേണ്ടെന്നതാണ് ഇ ശ്രീധരന്റെ സില്‍വര്‍ ലൈൻ ബദല്‍ നിര്‍ദ്ദേശത്തിന്റെ ഒരു നേട്ടം. ആദ്യം സെമിസ്പീഡ് റെയില്‍, പിന്നെ ഹൈ സ്പീഡ് റെയില്‍ പദ്ധതിയെന്ന നിര്‍ദ്ദേശമാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്. 105 കിലോമീറ്റര്‍ തുരങ്കപാതയും 180 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുമാണ് നിര്‍ദ്ദേശിച്ചത്. തുരങ്ക-എലിവേറ്റഡ് പാതകളായതിനാല്‍ ചെലവ് കുറവെന്നാണ് വാദം. പരിസ്ഥിതി സൗഹൃദമായതിനാല്‍ വിദേശവായ്പക്ക് തടസ്സമാകില്ലെന്ന് കണക്ക് കൂട്ടലുമുണ്ട്. സ്റ്റാൻഡേര്‍ഡ് ഗേജില്‍ 30 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിട്ടും 40 ശതമാനം വായ്പയെടുത്തും പദ്ധതി നടപ്പാക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിപിആര്‍ നിര്‍മ്മിക്കലടക്കം ചുമതല ഡിഎംആര്‍സിക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ഇ ശ്രീധരൻ പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈൻ ഡിപിആറില്‍ 1226.45 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതില്‍ തന്നെ 1074.19 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കണമെന്നായിരുന്നു. പദ്ധതിക്ക് ആകെ കണക്കാക്കിയ ചെലവ് 63490 കോടി രൂപയായിരുന്നു. 33699 കോടി വായ്പയിലൂടെ കണ്ടെത്താനായിരുന്നു നീക്കം. സ്റ്റാൻഡേര്‍ഡ് ഗേജ് പദ്ധതിയില്‍ 11.53 കിലോമീറ്റര്‍ തുരങ്കപാതയും 292.73 കിലോമീറ്റര്‍ പാതയുമാണ് നിര്‍ദ്ദേശിച്ചിരുന്നത്.



0 Comments