News

6/recent/ticker-posts

Header Ads Widget


അമ്ബായത്തോടിലെ ജനരോഷം ആളിക്കത്തി; 10 വാഹനങ്ങള്‍ കത്തിച്ചു, തീ നിയന്ത്രണത്തിലാക്കാനെടുത്തത് നാല് മണിക്കൂര്‍


കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ നടന്ന പ്രതിഷേധം വൻ സംഘർഷത്തില്‍ കലാശിച്ചു.സംഘർഷത്തില്‍ പത്തോളം വാഹനങ്ങള്‍ പൂർണ്ണമായി കത്തിനശിച്ചു. ആറ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും രണ്ട് വാഹനങ്ങള്‍ എറിഞ്ഞും അടിച്ചും തകർക്കുകയും ചെയ്തു. ഫാക്ടറിക്ക് മുന്നില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനിന്നത്. നാല് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ഫാക്ടറിയിലെ തീ പൂർണ്ണമായും അണച്ചത്. മുക്കം, നരിക്കുനി ഫയർ ഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. കത്തിനശിച്ചവയില്‍ 9 ലോറികള്‍, 1 ഓട്ടോ, 3 ബൈക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, പ്രതിഷേധക്കാർ 3 ലോറികള്‍ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്.

സംഘർഷത്തെത്തുടർന്ന് പോലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പോലീസുകാർക്കും സമരക്കാർക്കുമാണ് പരിക്കേറ്റത്. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. കല്ലേറില്‍ താമരശ്ശേരി എസ്‌എച്ച്‌ഒ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ പോലീസ് പ്രതിഷേധക്കാർക്കുനേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. താമരശ്ശേരി അമ്ബായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ നാട്ടുകാർ ഏറെ നാളായി പ്രതിഷേധത്തിലാണ്. ഫാക്ടറിയില്‍നിന്നുള്ള ദുർഗന്ധം മൂന്ന് പഞ്ചായത്തുകളിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നാണ് പ്രധാന പരാതി. നേരത്തെയും പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ സംഘർഷത്തിലേക്ക് എത്തുന്നത് ഇത് ആദ്യമായാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ താമരശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ഇതിന്റെ ഭാഗമായി ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളിലെ ചില വാർഡുകളില്‍ നാളെ ഭാഗിക ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്; താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ; കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്ബാലക്കുന്ന്; കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താല്‍.

Post a Comment

0 Comments