തിരുവനന്തപുരം: പിഎം ശ്രീയിലെ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് സിപിഐ. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് അംഗങ്ങളുടെ തീരുമാനം.ഇനിയും നിർവാഹക സമിതി ചേരണമോ എന്ന് തീരുമാനിക്കുക മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം നടത്തുന്ന ചർച്ചയ്ക്ക് ശേഷമായിരിക്കും.
അതേസമയം, പിഎം ശ്രീയില്‍ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് സർക്കാർ നിലപാട്. സിപിഐയെ അനുനയിപ്പിച്ച് കൂടെ നിർത്താം എന്ന പ്രതീക്ഷയിലാണ് സിപിഎം. ഇതിനായി മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ നേരിട്ട് കണ്ട് ചർച്ച നടത്തും. കരാർ ഒപ്പിട്ടെങ്കിലും പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് സിപിഐയെ അറിയിക്കാനാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
പിഎം ശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവച്ചതിന് പിന്നാലെ എതിർപ്പ് വ്യക്തമാക്കി സിപിഐ രംഗത്തുവന്നിരുന്നു. ആരോടും ചർച്ച ചെയ്യാതെയാണ് സർക്കാർ ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്നാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


0 Comments