പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം വേദി പങ്കിട്ട പാലക്കാട്ടെ ബിജെപി നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെതിരെ നടപടിയാവശ്യപ്പെട്ട് സി.കൃഷ്ണകുമാർ പക്ഷം. പാലക്കാട് നഗരസഭാ അധ്യക്ഷസ്ഥാനത്ത് നിന്നും പ്രമീള ശശിധരൻ രാജിവയ്ക്കണമെന്ന് കൃഷ്ണകുമാർ പക്ഷം ആവശ്യപ്പെട്ടു.
ജില്ലാ കോർ കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. പ്രവർത്തകരുടെ മനോവീര്യം പ്രമീള ശശിധരൻ തർത്തുവെന്ന അഭിപ്രായവും യോഗത്തില്‍ ഉയർന്നു. രാഹുലിനെതിരെ സമരം ചെയ്ത് കേസില്‍ പ്രതികളായ പ്രവർത്തകരോട് എന്ത് മറുപടി പറയുമെന്ന് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ചോദിച്ചു.
നടപടിയെടുത്തില്ലെങ്കില്‍ പാർട്ടി അച്ചടക്കം തകരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പ്രമീളയെ അവഗണിച്ച് ഈ നിലയില്‍ ആക്കിയത് കൃഷ്ണകുമാർ പക്ഷമെന്ന് മറുവിഭാഗവും വാദിച്ചു. അതേസമയം, പ്രമീള ശശിധരൻ യോഗത്തില്‍ പങ്കെടുത്തില്ല. പ്രമീള രാഹുലിനൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ ബിജെപിയിലെ ഗ്രൂപ്പിസം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ഇന്ന് രാവിലെ വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രാഹുല്‍ രാജിവയ്ക്കുംവരെ ബിജെപി പ്രതിഷേധം തുടരും. ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. പ്രമീള ശശിധരൻ പരിപാടിയില്‍ പങ്കെടുക്കരുതായിരുന്നു. പ്രമീള അരുതാത്തത് ചെയ്തു. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നുണ്ട്. പാർട്ടി വേദികളില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് കോർ കമ്മിറ്റി യോഗത്തിലും പ്രശാന്ത് ശിവൻ പ്രമീളയ്ക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞദിവസം, സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ചെയർ പേഴ്സണ്‍ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമിച്ചത്. നഗരസഭാ ചെയർപേഴ്‌സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ.
പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ഉള്‍പ്പെടെയുള്ളവർ പറഞ്ഞിരുന്നത്. കൂടാതെ രാഹുലിന്റെ ഓഫീസിലേക്ക് പലതവണ മാർച്ചും നടത്തിയിരുന്നു. ഓഫീസിന് മുന്നില്‍ മഹിളാ മോർച്ചാ പ്രവർത്തകർ കോഴിയെ കെട്ടിത്തൂക്കുന്ന സാഹചര്യം പോലുമുണ്ടായി.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് കത്തയച്ചിരുന്നു. രണ്ട് മാസം മുമ്ബായിരുന്നു ഇത്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങള്‍ കണക്കിലെടുത്താണ് ആഗസ്റ്റ് 22ന് നടന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്തയച്ചത്.
ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി മുനിസിപ്പല്‍ ചെയർപേഴ്‌സണ്‍ രാഹുലിനൊപ്പം വേദി പങ്കിട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കി. എന്നാല്‍ നഗരസഭാ ചെയർപേഴ്‌സണ്‍ എന്ന നിലയ്ക്കാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നായിരുന്നു പ്രമീളയുടെ വിശദീകരണം.
ഇതിനിടെ, പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്ക് സ്വഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് മുൻ പാലക്കാട് മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ രംഗത്തെത്തി. ബിജെപിയില്‍ നിന്നും എതിർപ്പ് നേരിടുന്ന പ്രമീള ശശിധരന് അഭിപ്രായ സ്വാതന്ത്രമുള്ള, മതേതര നിലപാടുള്ള കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് സദ്ദാം ഹുസൈൻ പ്രതികരിച്ചു.


0 Comments