News

6/recent/ticker-posts

Header Ads Widget


ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു


പട്‌ന: ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു. തേജസ്വിയുടെ വസതിയില്‍ ചേര്‍ന്ന ആര്‍ജെഡി യോഗത്തിലാണ് തീരുമാനം.ഒരൊറ്റ സീറ്റിന്റെ ബലത്തിലാണ് ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത്.

ബിഹാറില്‍ ആകെയുള്ള നിയമസഭ സീറ്റുകളുടെ പത്ത് ശതമാനം ലഭിക്കുന്ന പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ സാധിക്കുക. 243 അംഗ നിയമസഭയില്‍ 24.3 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ഇത്തവണ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് 25 സീറ്റുകളാണ് ലഭിച്ചത്.

അതേസമയം തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പത്താം തവണയും നിതീഷ് കുമാര്‍ തന്നെ ബിഹാറിന്റെ മുഖ്യമന്ത്രിയി ചുമതലയേല്‍ക്കും. എന്‍ഡിഎക്ക് ഇത്തവണ 202 സീറ്റുകളാണ് ലഭിച്ചത്. 89 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നിതീഷ് കുമാറിന്റെ ജെഡിയു 85 സീറ്റുകള്‍ നേടി. ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 19 സീറ്റുകളും സ്വന്തമാക്കി.

ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായത്. മഹാസഖ്യത്തിന് ആകെ 35 സീറ്റുകളാണ് നേടാനായത്. ആര്‍ജെഡി 25 സീറ്റുകള്‍ നേടിയപ്പോള്‍, കോണ്‍ഗ്രസിന് ആറ് സീറ്റുകളാണ് ലഭിച്ചത്.

ബിഹാറില്‍ എന്‍.ഡി.എയുടെ പുതിയ സര്‍ക്കാര്‍ വ്യാഴാഴ്ച (നവംബര്‍ 20) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പട്‌നയിലെ ഗാന്ധി മൈതാനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രിയെന്ന് നേരത്തെ മുന്നണി വ്യക്തമാക്കിയിരുന്നു. പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ചിരാഗ് പസ്വാന്റെ എല്‍.ജെ.പിക്ക് ഒരു ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. രണ്ടാമത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി എം.എല്‍.എയാകും സ്ഥാനമേല്‍ക്കുക എന്നാണ് സൂചന. നിതീഷിന് പുറമെ ജെ.ഡി.യുവില്‍നിന്ന് 14 പേരും ബി.ജെ.പിയില്‍ നിന്ന് 16 പേരുമാണ് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. എല്‍.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനവും മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും.

Post a Comment

0 Comments