ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) മുതിര്‍ന്ന നേതാവും രണ്ടുതവണ എംഎല്‍എയുമായിരുന്ന രാജേഷ് ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 12 വാര്‍ഡുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ഇന്നലെ അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വമെടുത്തത്. ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കളായാണ് പാർട്ടി പ്രവർത്തകരെ എഎപി കണക്കാക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ തന്നെ ചതിച്ചെന്നും രാജേഷ് ഗുപ്ത ആരോപിച്ചു. കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഒരു എഎപി സ്ഥാനാര്‍ഥിക്ക് സീറ്റ് നല്‍കിയതിലും ഗുപ്തക്ക് അതൃപ്തിയുണ്ട്.
''ആം ആദ്മി പാർട്ടി സ്ഥാപിതമായപ്പോള്‍ നിരവധി പ്രമുഖ വ്യക്തികള്‍ ആവേശത്തോടെ കെജ്‌രിവാളിനൊപ്പം ചേർന്നു, പക്ഷേ അദ്ദേഹം എല്ലാവരെയും വഞ്ചിച്ചു. ഓരോരുത്തരായി പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. പലരും പോകനിരിക്കുന്നു. ബഹുമാനം കിട്ടുന്ന ഇടത്തേക്കാണ് പലരും പോയത്. ഇന്ന് ഞാനും ആ പട്ടികയില്‍ ചേരുന്നു''- അദ്ദേഹം പറഞ്ഞു
മുമ്ബ് ദേശീയ വക്താവും ആം ആദ്മി പാർട്ടിയുടെ കർണാടക ഇൻചാർജുമായിരുന്ന ഗുപ്ത. അതേസമയം ഗുപ്ത തന്റെ ഭാര്യയ്ക്ക് അശോക് വിഹാർ വാർഡ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അഭ്യർത്ഥന നിരസിക്കപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടുപോയെതെന്നും ഡല്‍ഹി എഎപി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് പറഞ്ഞു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.


0 Comments