News

6/recent/ticker-posts

Header Ads Widget


വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി, 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും


പാലക്കാട്: പാലക്കാട് ജില്ലയിലെ വാളയാറില്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ചത്തീസ്ഗഡ‍് സ്വദേശി രാം നാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമ്ബാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നും 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. സംസ്ഥാന സർക്കാരിന്റെ ചെലവിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. രാം നാരായണന്റെ ബന്ധുക്കളും ഇതേ വിമാനത്തിലാണ് നാട്ടിലേക്ക് പോകുക.

രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച്‌ ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാൻ നിർദേശം നല്‍കിയിട്ടുണ്ട്. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും. ഇത്തരം പ്രവർത്തികള്‍ ഒരിക്കലും അംഗീകരിക്കാം കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ചത്തീസ്ഗഡ‍് സ്വദേശി രാം നാരായണനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്‌എസ് നേതാക്കളെന്ന് ആരോപിച്ച്‌ മന്ത്രി എംബി രാജേഷ്. ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു. ജോലി തേടി കേരളത്തിലെത്തിയ രാം നാരായണനെ ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ആള്‍ക്കൂട്ടം ക്രൂരമായി അക്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ആര്‍എസ്‌എസ് നേതാക്കളാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രതികള്‍ക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും, സര്‍ക്കാര്‍ രാം നാരായണന്‍റെ കുടുംബത്തിനൊപ്പമാണെന്നും എംബി രാജേഷ് പ്രതികരിച്ചു. കേസില്‍ അറസ്റ്റിലായിട്ടുള്ള പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെയും പ്രതികളാണെന്ന് മന്ത്രി പറഞ്ഞു.

രാം നാരായണനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ അഞ്ച് പേരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മുൻപും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകള്‍ നിലവിലുണ്ട്. തടയാൻ വന്നവരെപ്പോലും ഭയപ്പെടുത്തിക്കൊണ്ടാണ് ഈ ക്രിമിനല്‍ സംഘം മർദ്ദനം തുടർന്നത്. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത് പ്രകാരം കൊല്ലണം എന്ന് തീരുമാനിച്ചുകൊണ്ടുള്ള അക്രമണമായിരുന്നു നടന്നത്. മണിക്കൂറുകളോളം ക്രൂരമായി മർദിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് രാം നാരായണന്‍റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നാണ് വിവരം. തല മുതല്‍ കാലുവരെ ശരീരത്തില്‍ ആകമാനം 40ലധികം മുറിവുകളാണ് ഉള്ളതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. പുറത്ത് മുഴുവൻ കനത്ത വടികൊണ്ട് അടിച്ചു പൊളിച്ചതിന്റെ അടയാളങ്ങളുണ്ട്. ശരീരത്തില്‍ ചവിട്ടിയതിന്‍റെയും നിലത്തിട്ട് വലിച്ചതിന്‍റെയും പാടുകള്‍ കാണാം. തലയില്‍ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിന് മുമ്ബ് എടുത്ത എക്സ്റേ ഫലത്തിലുള്ളത്.

Post a Comment

0 Comments