News

6/recent/ticker-posts

Header Ads Widget


'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതില്‍ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാര്‍ട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍


മലപ്പുറം: പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആറ് മാസത്തിലൊരിക്കല്‍ വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ചാകണം സംഘാടനം എന്നാണ് നിർദേശം. മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് പ്രതിനിധികള്‍ക്ക് ജില്ലാ കമ്മിറ്റി കുറ്റിപ്പുറത്ത് ഒരുക്കിയ വിരുന്നിലായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കിയത്.

പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്‍. തദ്ദേശപ്പോരില്‍ മലപ്പുറം പച്ചപുതപ്പോള്‍, ചോദിക്കാനും പറയാനും പലയിടത്തും പ്രതിപക്ഷമില്ല. അവര്‍ക്ക് മുന്നില്‍ സംസ്ഥാന അധ്യക്ഷൻ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഒന്ന് തദ്ദേശ സ്ഥാപനത്തിൻ്റെയും പ്രതിനിധികളുടേയും പെര്‍ഫോമൻസ് ഓഡിറ്റ് ആറുമാസത്തിലൊരിക്കല്‍ നടത്തും. ഒപ്പം പ്രതിപക്ഷ അഭിപ്രായങ്ങള്‍ തേടണമെന്നും സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചു. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. പ്രതിപക്ഷം പറയേണ്ട കാര്യങ്ങള്‍ പാർട്ടി ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേർത്തു.

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കുറ്റിപ്പുറത്ത് ഒരുക്കിയ വിജയാരവം വിരുന്നില്‍ സംസ്ഥാന അധ്യക്ഷൻ മറ്റു ചില താക്കീതുകള്‍ കൂടി നല്‍കി. തെരഞ്ഞെടുപ്പില്‍ പ്രതിനിധികള്‍ ജയിച്ചത് അല്ല, ജനം ജയിപ്പിച്ചതാണെന്ന് ഓർമ വേണം. അഹങ്കാരം തോന്നുന്നവർ ഇപ്പണിക്ക് പറ്റിയവരല്ലെന്നായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ താക്കീത്. അതേസമയം, പഞ്ചായത്ത് , ബ്ലോക്ക് പ്രസിഡൻ്റുമാരെ നിശ്ചയിക്കുന്നതില്‍ സര്‍പ്രൈസ് തീരുമാനങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭരണക്കസേരയ്ക്ക് വേണ്ടി ചരടുവലികള്‍ വേണ്ടന്നും നേതാക്കള്‍ ഉണര്‍ത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനക്ക്ലാസും ക്രമീകരിച്ചിരുന്നു.

Post a Comment

0 Comments