പ്രധാനമായും രണ്ടു രൂപങ്ങളിലാണ് നിലമ്പൂർ താഴ്‌വരയിൽ സ്വർണ്ണ നിക്ഷേപമുള്ളത്: നേരിട്ട് ഖനനം ചെയ്തെടുക്കാൻ സാധ്യതയുള്ള പ്രാഥമിക സ്വർണ്ണ ശേഖരവും നദീതടങ്ങളിലെ മണലിലും ചരലുകളിലും അലിഞ്ഞു ചേർന്ന (അലൂവിയൽ) സ്വർണ്ണവും. നിലമ്പൂർ താഴ്‌വരയിലെ മരുത പ്രദേശമാണ് പ്രാഥമിക സ്വർണ്ണ ശേഖരത്തിന്റെ കേന്ദ്രം. കെ.എം.ഇ.ഡി.പി ഇവിടെ ഏകദേശം 0.55 ദശലക്ഷം ടൺ പ്രാഥമിക സ്വർണ്ണശേഖരം ഉള്ളതായി കണക്കാക്കിയിട്ടുണ്ട്.
350 മീറ്റർ ദൂരത്തിൽ, 100 മീറ്റർ ആഴം വരെ ഈ നിക്ഷേപം നീളുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് മൈനിങ് എക്സ്പ്ലോറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് നടത്തിയ വിശദ പര്യവേക്ഷണം ഇത് കൂടുതൽ തെളിവുകളോടെ സാധൂകരിക്കുകയും ചെയ്തു. നിലമ്പൂർ താഴ്‌വരയിലെ മണ്ണിലും ചരലുകളിലും നദീ തീരങ്ങളിലുമാണ് അലൂവിയൽ സ്വർണ്ണം കാണപ്പെടുന്നത്. ചരലുകളിൽ സ്വർണ്ണമുള്ള രണ്ടു പ്രധാന മേഖലകളാണ് പഠനങ്ങൾ തിരിച്ചറിഞ്ഞത്.
പാണ്ടിപ്പുഴ- ചാലിയാർപ്പുഴ മേഖല, പുന്നപ്പുഴ- കരക്കോട് പുഴ- മാരാടിപ്പുഴ മേഖല എന്നിവയാണിവ. സ്വർണ്ണമടങ്ങിയ ചരൽശേഖരം പുന്നപ്പുഴയിലും ചാലിയാർപ്പുഴയിലും 18 കിലോമീറ്റർ ദൂരത്തിൽ ഏകദേശം മൂന്ന് ദശലക്ഷം ക്യുബിക് മീറ്റർ ഉണ്ടാകാമെന്ന് കെ.എം.ഇ.ഡി.പി കണ്ടെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് 1831ലാണ് നിലമ്പൂർ- നിലഗിരി മേഖലയിൽ സ്വർണ്ണഖനനം തുടങ്ങുന്നത്. പ്രതികൂല കാലാവസ്ഥയും ആവശ്യമായ അളവിൽ സ്വർണ്ണം ലഭിക്കാത്തതും കാരണം 1899 ൽ ഖനനം അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ഏറെക്കാലം തദ്ദേശീയർ അസംഘടിതമായി പുഴയിൽ നിന്ന് സ്വർണ്ണം അരിച്ചെടുത്തിരുന്നു. അതേസമയം, സമീപ കാലത്ത് തുടർച്ചയായുണ്ടായ ഭീകരപ്രളയങ്ങൾ നിലമ്പൂരിലെ പുഴകളുടെ ഘടനയും സ്വഭാവവും മാറ്റിയത് സ്വർണ്ണ നിക്ഷേപത്തെ സാരമായി ബാധിച്ചിട്ടുണ്ടാകാമെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമാനം.


0 Comments