കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ പരാമർശത്തില്‍ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കള്‍.കമ്യൂണിസ്റ്റ് പാർട്ടികളെ ന്യായീകരിച്ചും മുസ്‌ലിം ലീഗിനെ ശത്രുപക്ഷത്ത് നിർത്തിയും മത സാമുദായിക രാഷ്ട്രീയ ഭേദമന്യേ സമൂഹം ആദരിക്കുന്ന പാണക്കാട് തങ്ങൻമാരെ പരിഹസിച്ചും ഉമർ ഫൈസി നടത്തുന്ന പ്രസ്താവനകള്‍ സമസ്തയുടെ പാരമ്പര്യത്തിന് നിരക്കാത്തതും പൂർവസൂരികളായ സമസ്ത നായകന്മാരുടെ സമീപനത്തിന് വിരുദ്ധമാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി.ഉമർ മുസ്‌ലിയാർ കൊയ്യോട് എന്നിവർ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സമസ്തക്ക് രാഷ്ട്രീയമില്ല, വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയമാകാം എന്ന പൊതുനിലപാട് തുടർന്നുപോരുമ്പോള്‍ തന്നെ സാമുദായികരംഗത്ത് മുസ്‌ലിം ലീഗുമായും വിശിഷ്യ പാണക്കാട് കുടുംബവുമായും സഹകരിച്ചും അവരെ മുന്നില്‍നിർത്തിയും പോരുന്ന നിലപാടാണ് സമസ്ത ഇതുവരെ സ്വീകരിച്ചു പോന്നത്. മത സാമുദായിക പ്രാസ്ഥാനിക മഹല്ല് തലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രവണത പൊറുക്കാവുന്നതല്ലെന്നും ആയതിനാല്‍ മേലില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവരുതെന്നും ഉമർ ഫൈസിക്ക് താക്കീത് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.


0 Comments