മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം ബിജെപിയില്‍. AIYF മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ പി.അരുണാണ് ബിജെപിയില്‍ ചേർന്നത്.പ്രാദേശിക നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായാണ് പാർട്ടി വിട്ടത്. തന്നെ പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും താൻ എന്ത് ചെയ്താലും അതില്‍ കുറ്റം കണ്ടെത്തുകയാണെന്നും അരുണ്‍ പറഞ്ഞു. ഇനി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂർ മണ്ഡലത്തില്‍ 18-ാംവാർഡില്‍എല്‍ഡിഎഫിന്റെ സ്ഥാനാർഥിയായി തോറ്റയാളാണ് അരുണ്‍. 60, 70 വോട്ടുകള്‍ക്ക് ജയിക്കാനും തോല്‍ക്കാനും സാധ്യതയുള്ള ഒരു വാർഡില്‍ 300ല്‍ പരം വോട്ടുകള്‍ക്ക് തോറ്റത് തന്നെ വിഷമിച്ചുവെന്നും അരുണ്‍ മീഡിയവണിനോട് പറഞ്ഞു.
ഇക്കാര്യം ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുമുള്ള പ്രതികരണവുമുണ്ടായില്ലെന്നും അരുണ്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നതായും ഈ സാഹചര്യത്തിലാണ് ബിജെപിയിലേക്ക് പോകുന്നതെന്നും അരുണ്‍ വിശദീകരിച്ചു. നിലവില്‍ അരുണ്‍ ബിജെപിയില്‍ അംഗത്വമെടുത്തു.


0 Comments