കണ്ണൂര്: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തില് വെളിപ്പെടുത്തല് നടത്തിയ സിപിഎം കണ്ണൂര് ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനെ പാര്ട്ടിയില് നിന്ന് പുറത്താക്കി. അച്ചടക്ക നടപടി ചര്ച്ച ചെയ്യാന് ചേര്ന്ന സിപിഎം കണ്ണൂര് ജില്ല കമ്മിറ്റി യോഗത്തിലാണ് നടപടി. പാര്ട്ടിയെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തില് നിന്ന് കുഞ്ഞികൃഷ്ണനെ നീക്കിയത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാർത്താ സമ്മേളനത്തില്‍ കുഞ്ഞികൃഷ്ണനെതിരായ നടപടി അറിയിച്ചു. 2022 ഏപ്രില്‍ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തോടെ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി കുഞ്ഞികൃഷ്ണൻ മാറിയെന്നും രാഗേഷ് പറഞ്ഞു. കുഞ്ഞികൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ല, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണൻ പാർട്ടിയെ പിന്നില്‍ നിന്ന് കുത്തി. ഇതിനെ നേരിടാൻ കെല്‍പ്പുള്ള പാർട്ടിയാണ് സിപിഎം എന്നും രാഗ്ഷ് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
പുറത്താക്കല് തീരുമാനം ഏകകണ്ഠമായാണ് ജില്ല കമ്മിറ്റി അംഗീകരിച്ചത്. പാര്ട്ടിക്കെതിരെ അജണ്ട സെറ്റ് ചെയ്തുള്ള അഭിമുഖമാണ് നടന്നത്. ജില്ല കമ്മിറ്റി അംഗമായ ശേഷം റൂറല് ബാങ്കിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ടി.ഐ മധുസൂദനനെ അധിക്ഷേപിക്കുകയാണ് കുഞ്ഞികൃഷ്ണന് ചെയ്തത്. ബാങ്കിന്റെ ഭാരവാഹി അല്ലാത്ത മധുസൂദനനെ എന്തനാണ് ക്രൂശിച്ചതെന്നും രാഗേഷ് വാര്ത്ത സമ്മേളനത്തില് ചോദിച്ചു.
കുഞ്ഞികൃഷ്ണന് നടത്തിയ വാര്ത്താ ചോര്ച്ചയുടെ കൃത്യമായ രേഖ പാര്ട്ടിക്കുണ്ട്. കുഞ്ഞികൃഷ്ണന് പരസ്യമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള് പാര്ട്ടി പുറത്ത് പറയുന്നത്. വാര്ത്ത ചോര്ത്തിയതില് കുറ്റസമ്മതം നടത്തിയ വ്യക്തി ശാസനക്ക് ശേഷം ആറുമാസത്തോളമായി പാര്ട്ടി പരിപാടികളില് പങ്കെടുക്കാറില്ല. മധുസൂദനനോടുള്ള പക കാരണമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും രാഗേഷ് കുറ്റപ്പെടുത്തി.
അതേസമയം ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചിരുന്നു. ഫണ്ട് നഷ്ടപ്പെട്ടിട്ടില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വത്തിന്റേതെന്ന് ഇതിനോടകം വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയില്‍ നിന്ന് ആരോപണം ഉന്നയിച്ചയാളെ പുറത്താക്കാൻ സിപിഎം ഒരുങ്ങുന്നത്.


0 Comments