News

6/recent/ticker-posts

Header Ads Widget


സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ രണ്ട് പരാതികള്‍ കൂടി; നിര്‍ബന്ധിത അവധിയില്‍ പോകാൻ ഉത്തരവ്


തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറോട് നിർബന്ധിത അവധിയില്‍ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന ആവശ്യപ്പെട്ടു. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് അന്വേഷണവിധേയമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാൻ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേകസംഘം സംഭവത്തില്‍ അന്വേഷണം നടത്തും. ഡോക്ടർക്ക് എതിരെയുള്ള എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികള്‍ കൂടി ഡിഎംഒയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിലും അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. ഇന്നലെയാണ് നിരഞ്ജന ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഇന്ന് പുലർച്ചെ പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.

കുഞ്ഞിന്റെ മരണകാരണം ചികിത്സ പിഴവാണെന്ന് നിരഞ്ജനയുടെ കുടുംബം ആരോപിച്ചു. വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകള്‍ ലേബർ റൂമില്‍ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ ആശുപത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ആർഡിഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവെച്ചാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നത്. തുടർന്ന് സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച്‌ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നല്‍കുകയായിരുന്നു.

Post a Comment

0 Comments