News

6/recent/ticker-posts

Header Ads Widget


ഇസ്രായേല്‍ സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി; പ്രതിഷേധവുമായി ഫലസ്തീൻ അനുകൂല സംഘടനകള്‍


ന്യൂഡല്‍ഹി: അടുത്താഴ്ച ഇസ്രായേല്‍ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തവും തന്ത്രപരവുമായ സഖ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.1.5 ബില്യണ്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഇസ്രായേലിന് വലിയ സ്വീകാര്യതയുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ സന്ദർശനത്തിന്റെ ഔദ്യോഗിക തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂഡല്‍ഹിയില്‍ നടക്കുന്ന AI ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇസ്രായേലിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

എന്നാല്‍ പ്രധാമന്ത്രിയുടെ ഇസ്രായേല്‍ സന്ദർശനത്തില്‍ പ്രതിഷേധവുമായി ഫലസ്തീൻ അനുകൂല സംഘടനകള്‍. മോദി ഇസ്രായേല്‍ സന്ദർശിക്കരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗസ്സ പീസ് ബോർഡില്‍ ചേരാനുള്ള ക്ഷണം നിരസിക്കണമെന്നും ഇന്ത്യൻ പീപ്പിള്‍ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ (ഐപിഎസ്പി) ആവശ്യപ്പെട്ടു.

2025 ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിർത്തല്‍ കരാർ നിലവില്‍ വന്നതിന് ശേഷവും, ഇസ്രായേല്‍ അധിനിവേശ സേന ഫലസ്തീനികള്‍ക്കെതിരെ ആക്രമണം തുടരുകയാണ്. വെടിനിർത്തലിന്റെ അഞ്ച് മാസത്തിനുള്ളില്‍ മാത്രം 500ലധികം ഫലസ്തീനികളെ ഇസ്രായേല്‍ അധിനിവേശ സേന കൊലപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇസ്രയേലുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം ബന്ധങ്ങളും ഇന്ത്യൻ സർക്കാർ വിച്ഛേദിക്കണമെന്നും ഐപിഎസ്പി ആവശ്യപ്പെട്ടു.

ഏകദേശം ഒമ്പത് വർഷങ്ങള്‍ക്ക് ശേഷമാണ് മോദി ഇസ്രായേല്‍ സന്ദർശിക്കുന്നത്. മൂന്നാം തവണ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സന്ദർശനവും. ഉഭയകക്ഷി സഹകരണത്തിന് പുറമെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഉള്‍പ്പെടെയുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകള്‍ നടക്കുന്നതായി ഇന്ത്യയിലെ ഇസ്രായേലി അംബാസഡർ റൂവൻ അസർ അടുത്തിടെ പറഞ്ഞിരുന്നു.

ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളികളില്‍ ഒന്നാണ് ഇസ്രായേല്‍. മിസൈലുകള്‍, ഡ്രോണുകള്‍ മുതല്‍ നിരീക്ഷണ, വ്യോമ പ്രതിരോധ പ്ലാറ്റ്‌ഫോമുകള്‍ വരെയുള്ള നിർണായക സംവിധാനങ്ങള്‍ ഇന്ത്യ ഇസ്രായേലില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയില്‍ മന്ത്രിമാരും വ്യവസായ പ്രമുഖരും ഉള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വർഷം, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഇന്ത്യൻ വ്യാപാര മന്ത്രി പിയൂഷ് ഗോയലും ഇസ്രായേലും, ഇസ്രായേല്‍ ധനകാര്യ മന്ത്രി നിർ ബർക്കത്ത്, ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്‌, വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എന്നിവർ ഇന്ത്യയും സന്ദർശിച്ചിരുന്നു. 2023 നവംബറില്‍ ജി20 ഉച്ചകോടിയില്‍ ആരംഭിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിക്ക് (ഐഎംഇസി) ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന സന്ദർശനം ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

0 Comments