തിരുവനന്തപുരം: കേരളത്തില്‍ ഒരു വർഷം ഒരു കോടിയിലധികം ട്രാഫിക് നിയമ ലംഘനങ്ങള്‍ രജിസ്റ്റർ ചെയ്യുന്നതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.നിയമ ലംഘനങ്ങളുടെ കാര്യത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശമാണ് ഒന്നാമത്. പ്രതിദിനം 27,000 നിയമ ലംഘനങ്ങളാണ് കേരളത്തില്‍ രജിസ്റ്റർ ചെയ്യുന്നത്.
2025ല്‍ മാത്രം പൊലീസും എംവിഡിയും മോട്ടോര്‍ വാഹന നിയമപ്രകാരം 1,00,53,983 ചലാനുകള്‍ നല്‍കിയിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മൂന്നു വര്‍ഷത്തിനിടെ 4.91 കോടി ചലാനുകളാണ് ഉത്തര്‍പ്രദേശില്‍ നല്‍കിയത്. കേരളത്തില്‍ ഈ കാലയളവില്‍ ഇത് 3.25 കോടിയായിരുന്നു.
നിയമ ലംഘനങ്ങളുടെ കണക്കില്‍ കേരളത്തിന് തൊട്ടുപിന്നില്‍ തമിഴ്‌നാടുമുണ്ട്. മൂന്ന് വർഷത്തിനിടെ 3.12 കോടി ചലാനുകളാണ് തമിഴ്‌നാട്ടില്‍ നല്‍കിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കേരളത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 1,11,33,412 കേസുകളാണ് 2023ല്‍ രജിസ്‌റ്റർ ചെയ്തതതെങ്കില്‍ 224 ആയപ്പോള്‍ ഇത് 1,13,80,834 കേസുകളായി കുറഞ്ഞു.
ഹെല്‍മെറ്റ് നിർബന്ധമാക്കിയതാണ് ഈ വർഷം കേസ് കുറയാൻ കാരണമായതെന്ന് എംവിഡി ഉദ്യോഗസ്‌ഥർ പറയുന്നു. സംസ്ഥാനത്ത് അപകടകരമായി വാഹനമോടിക്കുന്നതിലും ഗതാഗത നിയമ ലംഘനം നടത്തുന്നതിലും മുന്‍പന്തിയിലുള്ളത് ഇരുചക്ര വാഹനമോടിക്കുന്നവരാണ്. നിലവില്‍ ഹെല്‍മെറ്റിനുള്ള പിഴത്തുക കര്‍ശനമായി ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം കേസുകള്‍ കുറഞ്ഞതെന്നും എഐ ക്യാമറകളെയും 500 രൂപ പിഴയും പേടിച്ച് പലരും ഹെല്‍മെറ്റ് ധരിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.
ഹെല്‍മെറ്റിടാത്തവര്‍ക്ക് പുറമെ കാറില്‍ സീറ്റ് ബെല്‍റ്റിടാതെ ഓടിക്കുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിത വേഗത എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന മറ്റു ഗതാഗത നിയമലംഘനങ്ങള്‍.


0 Comments