വാശിയേറിയ പോരാട്ടത്തിനുള്ള സാധ്യത തന്നെയാണ് ഇത്തവണ തിരുവമ്പാടിയില്‍ തെളിയുന്നത്. എല്‍.ഡി.എഫിന്റെ സിറ്റിങ് എംഎല്‍എ ലിന്റോ ജോസഫ് വീണ്ടും മണ്ഡലത്തില്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ സി കെ കാസിം ആണ് ലീഗിന്റെ സ്ഥാനാർത്ഥി.രാഷ്ട്രീയ, വികസന സമവാക്യങ്ങള്‍ക്ക് പുറമെ മത വിഭാഗങ്ങളുടെ സ്വാധീനം ഏറെയുള്ള മണ്ഡലം കൂടിയാണ് തിരുവമ്പാടി. രണ്ട് തവണ അടുപ്പിച്ച് എല്‍ഡിഎഫിന് അനുകൂലമായി നിന്ന സീറ്റാണിത്. ഇക്കുറി എങ്ങോട്ടാണ് തിരുവമ്പാടിയുടെ പോക്ക്? ഇടത്ത് തന്നെയോ അതോ യൂടേണ്‍ എടുക്കുമോ എന്നതാണ് ചോദ്യം.
മണ്ഡലത്തിലെ ഇതുവരെയുള്ള ട്രെന്റ്
തിരുവമ്പാടി നിയോജക മണ്ഡലം പൊതുവെ വലത് സ്വാധീനമുള്ള മണ്ഡലമാണ്. 12 തെരഞ്ഞെടുപ്പുകള്‍ നടന്നിടത്ത് എട്ട് തവണയും യുഡിഎഫ് വിജയിച്ചു. എന്നാല്‍ 2006ലെ ഉപതെരഞ്ഞെടുപ്പിലാണ് ചിത്രം മാറിമറിയുന്നത്. സിപിഎമ്മിന്റെ ജോർജ് തോമസ് മണ്ഡലത്തില്‍ വിജയിച്ചു. ഇതോട് കൂടിയാണ് കോണ്‍ഗ്രസ് സ്വാധീന മണ്ഡലത്തില്‍ ട്രെൻഡ് മാറി തുടങ്ങുന്നത്. അതേസമയം, വർഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റ് പിന്നീട് മുസ്ലീം ലീഗിന് വിട്ടുനല്‍കി. കെ. മുരളീധരന് കോഴിക്കോട് ലീഗിന്റെ പിന്തുണക്കായി കരുണാകരൻ വിട്ടുനല്‍കിയ സീറ്റാണ് തിരുവമ്പാടി എന്നുള്ള രാഷ്ട്രീയ ആരോപണവും മണ്ഡലത്തിലെ പിന്നാമ്പുറ കാഴ്ച്ചകളിലൊന്നാണ്.
തിരുവമ്പാടിയിലെ വോട്ട് ബാങ്ക്
ക്രൈസ്തവ വോട്ടുകള്‍ കൂടുതലുള്ള മണ്ഡലമാണ് തിരുവമ്പാടി. എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പാർട്ടികളെ ഈ വോട്ട് ബാങ്ക് തുണക്കാറുണ്ട്. കൂടാതെ മുസ്ലീം വോട്ടുകളും നിർണ്ണായകമാണ്. ന്യൂനപക്ഷങ്ങള്‍ മാത്രം ചേർന്നാല്‍ 60 ശതമാനത്തോളം വോട്ട് ഷെയറുണ്ട് തിരുവമ്പാടി മണ്ഡലത്തില്‍. ബാക്കി വരുന്ന 40 ശതമാനത്തോളം വോട്ടുകള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നാണ്, അതില്‍ ഭൂരിപക്ഷവും എസ് സി, എസ്ടിക്കാരാണ്. ഇവിടുത്തെ ന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി ഏകീകരിച്ചാല്‍ മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണ്. ഇത് കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫിനെ തുണച്ചിരുന്നു. കൃത്യമായി ക്രൈസ്തവ വോട്ടുബാങ്കുകള്‍ കേന്ദ്രീകരിച്ച് മത്സരിക്കാൻ കഴിഞ്ഞാല്‍ ലീഗ് സ്ഥാനാർത്ഥി സി കെ കാസിമിന് വിജയിക്കാനാകുമെന്നാണ് നിരീക്ഷണം. അതേസമയം, മണ്ഡലത്തിലെ വികസനവും ലഭിക്കുന്ന സ്വീകാര്യതയും ലിന്റോക്ക് അനുകൂലമായി വീശാൻ സാധ്യത വളരെയേറെയാണ്.
ഭരണവിരുദ്ധത തളർത്തുമോ ലിന്റോയെ?
ഭരണവിരുദ്ധത എന്ന വികാരമുണ്ടായാല്‍ പോലും തിരവമ്പാടിയില്‍ അത് എല്‍ക്കാല്‍ സാധ്യത വളരെ കുറവ് തന്നെയാണ്. മണ്ഡലത്തില്‍ ചെയ്ത വികസനങ്ങള്‍ വോട്ടായി മാറിയാല്‍ ലിന്റോക്ക് അത് അനുകൂല സാഹചര്യമായി മാറും. 4000 കോടിയുടെ വികസനമാണ് ലിന്റോ മണ്ഡലത്തില്‍ കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ വയനാട് തുരങ്കപാത നിർമ്മാണത്തിലെ ലിന്റോയുടെ പങ്കുമെല്ലാം ഇത്തവണ ചർച്ചയാകും.
മണ്ഡലത്തില്‍ ലീഗിന്റെ സാധ്യത
മണ്ഡലത്തില്‍ ജനകീയനും വിജയ സാധ്യത ഏറെയുള്ള വ്യക്തിയും കൂടിയാണ് സി കെ കാസിം. എന്നാല്‍ ഇത്തവണ മത്സരിക്കുമ്പോള്‍ നിരവധി വെല്ലുവിളികള്‍ കടന്നുവേണം മുന്നോട്ട് നീങ്ങാൻ. 2021ല്‍ മണ്ഡലത്തിലെ ലീഗിന്റെ തോല്‍വിയില്‍ കാസിമിനെതിരെ വന്ന ആരോപണം ഒരു പക്ഷേ വലിയോരു തലവേദനയാകാൻ സാധ്യത കൂടുതലാണ്. അന്നത്തെ ലീഗിന്റെ സ്ഥാനാർത്ഥിയായിരുന്ന ചെറിയ മുഹമ്മദിന്റെ തോല്‍വി കാസിമും എല്‍ഡിഎഫുമായുള്ള ധാരണയിലാണെന്നായിരുന്നു ആക്ഷേപം. സി കെ കാസിം സ്ഥാനാർത്ഥിയായതോടെ ലീഗിനകത്തും പ്രശ്നങ്ങള്‍ ഉടലെടുക്കാനാണ് സാധ്യത.


0 Comments