News

6/recent/ticker-posts

Header Ads Widget


നെടുമങ്ങാട് ഒന്നര വയസുകാരന്‍റെ മരണം; കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായി


തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ അഖില, ഇവരുടെ പങ്കാളി അഷ്കർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയുടെ മരണകാരണം ക്രൂരമായ മർദനത്തെ തുടർന്ന് ഉണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഷ്കർ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കുട്ടിയുടെ ശരീരത്തില്‍ ക്രൂരമർദനമേറ്റതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. ഇന്നലെയാണ് കുഞ്ഞ് മരണപ്പെടുന്നത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന നിലയിലാണ് അഷ്കർ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ ഇൻക്വസ്റ്റ് പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തില്‍ മർദനമേറ്റതിന്‍റെ നിരവധി പാടുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് മരണത്തില്‍ വൻ ദുരൂഹത പുറത്തുവന്നത്.

കുഞ്ഞിന്‍റെ മരണത്തില്‍ ആദ്യമേ തന്നെ ദുരൂഹതയുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനില്‍കുമാർ ആരോപിച്ചിരുന്നു. അഖിലയുടെ ആദ്യ ഭർത്താവിന്‍റെ അച്ഛനാണ് സുനില്‍കുമാർ. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് തങ്ങളെ ആദ്യം അറിയിച്ചിരുന്നതെന്ന് സുനില്‍ കുമാർ പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മൃതദേഹം കണ്ടപ്പോള്‍ ശരീരത്തില്‍ സിഗരറ്റ് വെച്ച്‌ പൊള്ളല്‍ ഏല്‍പ്പിച്ചത് പോലെയുള്ള പാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് മുത്തച്ഛൻ സുനില്‍ കുമാർ വെളപ്പെടുത്തിയത്. അമ്മയുടെ പങ്കാളിയായ അഷ്‌കർ കുട്ടിയെ നിരന്തരം ക്രൂരമായി ഉപദ്രവിച്ചിരുന്നതായി മറ്റ് ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ഞിനെ ഇയാള്‍ സ്ഥിരമായി മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴിയുമുണ്ട്. ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Post a Comment

0 Comments