News

6/recent/ticker-posts

Header Ads Widget


അസുഖ അവധി തുടര്‍ച്ചയായി നിഷേധിച്ചു, പിന്നാലെ 29 -കാരി ഓഫീസ് ബാത്ത് റൂമില്‍ കുഴ‌ഞ്ഞ് വീണ് മരിച്ചു


കേപ് ടൗണ്‍: രോഗബാധിതയായിട്ടും കമ്പനി തുടര്‍ച്ചയായി ലീവ് നിഷേധിച്ചതിന് പിന്നാലെ യുവതി ഓഫീസിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍.ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വെഹിക്കിള്‍ ട്രാക്കിങ് കമ്പനിയായ 'കാർട്രാക്ക്'ന്‍റെ റോസ്ബാങ്ക് ഓഫീസിലെ ജീവനക്കാരിയായ ജ്‍സീന ദ്‍ലാദ്‍ലയാണ്(29) മരിച്ചത്.

ജൂണ്‍ 6ന് ജോഹന്നാസ്ബർഗിലുള്ള കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ഒരു ശുചിമുറിയില്‍ ദ്‍ലാദ്‍ല കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുൻപാണ് യുവതി കാര്‍ ട്രാക്കില്‍ കോള്‍ സെന്‍റര്‍ ഏജന്‍റായി ജോലിക്ക് കയറുന്നത്. അടുത്തിടെയായി അമിത ജോലിഭാരവും ക്ഷീണവും കാരണം താൻ ബുദ്ധിമുട്ടുന്നതായി ദ്‍ലാദ്‍ല പരാതിപ്പെട്ടിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ തനിക്ക് സുഖമില്ലെന്ന് യുവതി സൂപ്പര്‍വൈസര്‍മാരോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ലീവ് നിഷേധിച്ച അധികൃതര്‍ ദ്‍ലാദ്‍ലയോട് ജോലിയില്‍ തുടരാൻ നിര്‍ബന്ധിക്കുകയും ചെയ്തു. വേണമെങ്കില്‍ വേദനസംഹാരി വാങ്ങാൻ സഹായിക്കാമെന്ന് പോലും വാഗ്ദാനം ചെയ്തു.

''അവള്‍ മാനസികമായും ശാരീരികമായും ആകെ തളര്‍ന്നുപോയിരുന്നു. വിശ്രമമില്ലാതെ വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ ദീർഘനേരം ജോലി ചെയ്യുകയായിരുന്നു. തലവേദന വന്നാലും ജോലിക്ക് പോകും" ദ്‍ലാദ്‍ലയുടെ അമ്മായി നോമുസ പ്രാദേശിക വാർത്താ വെബ്‌സൈറ്റായ സോവേതനോട് പറയുന്നു. മെഡിക്കല്‍ അവധികള്‍ നിരസിച്ചതിന് ശേഷം കമ്പനി ദ്‍ലാദ്‍ലക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി അമ്മ പറയുന്നു. സിക്ക് ലീവ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.

"അസുഖമാണെന്ന് അറിയിക്കുകയും മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിട്ടും തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തനിക്ക് മെമ്മോ അല്ലെങ്കില്‍ വാണിംഗ് ലഭിക്കുമെന്ന് തിങ്കളാഴ്ച അവള്‍ എന്നോട് പറഞ്ഞിരുന്നു. അവർ അവള്‍ക്ക് ആ വാണിംഗ് നല്‍കുകയും ചെയ്തു," നോമുസ വ്യക്തമാക്കി.വേദനസംഹാരികളായ പൊടികള്‍ കഴിക്കാൻ നിർദേശിച്ചതിന് തൊട്ടുപിന്നാലെ, യുവതി ഓഫീസിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ദ്‍ലാദ്‍ല കുഴഞ്ഞുവീണ വിവരം കാർട്രാക്ക് അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നും, പാരാമെഡിക്കല്‍ ജീവനക്കാരെ (ആംബുലൻസ്) ബന്ധപ്പെടുന്നതില്‍ കമ്പനി മനഃപൂർവം വൈകിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ജീവനക്കാരിക്ക് അസുഖം ബാധിച്ചപ്പോള്‍ വീട്ടില്‍ പോകാൻ അനുവദിച്ചില്ലെന്ന ആരോപണങ്ങള്‍ കാർട്രാക്ക് നിഷേധിച്ചു. ദ്‍ലാദ്‍ലക്ക് അസുഖം വന്നപ്പോള്‍ പരിശീലനം ലഭിച്ച ഫസ്റ്റ് റെസ്പോണ്ടർമാരില്‍ നിന്ന് ഉടനടി സഹായം ലഭിച്ചിരുന്നുവെന്ന് കാർട്രാക്കിലെ കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ ലോറൻ ഹ്യൂമൻ അവകാശപ്പെട്ടു.

Post a Comment

0 Comments