News

6/recent/ticker-posts

Header Ads Widget


തിരുവനന്തപുരം മേയറെ കണ്ട് കോഴിക്കോട് മേയറും സര്‍വകക്ഷി സംഘവും


തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും. മന്ത്രിമാരെ ഉള്‍പ്പെടെ കാണാനായി തിരുവനന്തപുരത്തെത്തിയ കോഴിക്കോട് കോർപറേഷന്‍ സർവകക്ഷി സംഘമാണ് തിരുവനന്തപുരം മേയറെ കണ്ടത്.തിരുവനന്തപുരത്ത് എല്‍ഡിഎഫും യുഡിഎഫും മേയർക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കെയാണ് സന്ദർശനം. തിരുവനന്തപുരം മേയർ വി.വി രാജേഷ് കോഴിക്കോട് മേയർ ഒ.സദാശിവനെ ഷാളണയിച്ച്‌ സ്വീകരിച്ചു. ലീഗ് അംഗവും കോഴിക്കോട്ടെ പ്രതിപക്ഷകക്ഷിനേതാവുമായ ഷമീല്‍ തങ്ങളടക്കം യുഡിഎഫ് അംഗങ്ങളും മേയർക്കൊപ്പമുണ്ടായിരുന്നു. തിരുവന്തപുരത്തെത്തിയപ്പോഴത്തെ സൌഹൃദ സന്ദർശനം മാത്രമാണെന്ന് കോഴിക്കോട് മേയർ പ്രതികരിച്ചു.


അതേസമയം തിരുവനന്തപുരം നഗരസഭാ കോർപറേഷൻ ഓഫീസിലെ കൗണ്‍സില്‍ ഹാളില്‍ യുഡിഎഫ്-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ നാല് ബിജെപി കൗണ്‍സിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി കൗണ്‍സിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുഡിഎഫ് വനിതാ കൗണ്‍സിലർമാരായ ഷേർലി. എസ്, അനിത അലക്സ് എന്നിവരുടെ പരാതിയിലാണ് നടപടി.


ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കോർപറേഷൻ കൗണ്‍സില്‍ ഹാളില്‍ വെച്ചായിരുന്നു സംഭവം. കൗണ്‍സില്‍ യോഗത്തിന്റെ അറ്റൻഡൻസ് രജിസ്റ്ററില്‍ ഒപ്പിടാൻ തുടങ്ങിയ പരാതിക്കാരിയായ ഷേർലിയെയും മറ്റ് വനിതാ കൗണ്‍സിലർമാരെയും പ്രതികള്‍ തടഞ്ഞുവെക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.


ഒന്നാം പ്രതിയായ ചെമ്പഴന്തി ഉദയൻ പരാതിക്കാരിയായ ഷേർലിയെയും അനിത അലക്സിനെയും മറ്റ് കൗണ്‍സിലർമാരെയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഷേർലിയുടെ കഴുത്തിനു പുറകില്‍ ഇയാള്‍ ബലമായി അടിച്ച്‌ വേദനിപ്പിച്ചതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.


ബിജെപി കൗണ്‍സിലർമാരായ ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവർ വനിതാ കൗണ്‍സിലർമാരെ ദേഹോപദ്രവം ഏല്‍പ്പിക്കാൻ പരസ്പരം ഒത്താശ ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റതിനെ തുടർന്ന് പരിക്കുകളോടെ യുഡിഎഫ് കൗണ്‍സിലർ ഷേർലിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷേർലിയില്‍ നിന്നും മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. മ്യൂസിയം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനു എസ്. നായർക്കാണ് കേസിന്റെ അന്വേഷണച്ചുമതല.

Post a Comment

0 Comments