News

6/recent/ticker-posts

Header Ads Widget


കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച്‌ കോടതി


പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച്‌ കോടതി.പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇരുഭാഗങ്ങളുടേയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തുക നല്‍കാൻ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കില്‍ സർക്കാർ സഹായം നല്‍കണം. കൂടാതെ ചെന്താമര പിഴ അടച്ചില്ലെങ്കില്‍ 3 വർഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകള്‍ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാല്‍ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കുറ്റം ചെയ്യാനുള്ള കാരണം. കൊല്ലപ്പെട്ട സുധാകരൻ്റെ മകളുടെ കാര്യത്തില്‍ ഡിഫൻസ് കൗണ്‍സില്‍ മുൻപാകെ പ്രതി കുറ്റബോധം കാണിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്.സമൂഹത്തിനു പ്രതി പ്രശ്നക്കാരൻ ആണെങ്കില്‍ വധശിക്ഷ നല്‍കാമെന്നു വിവിധ ഹൈക്കോടതി വിധികള്‍ ഉണ്ട്. എല്ലാ കുറ്റവാളികള്‍ക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്. സുധാകരൻ്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങള്‍ ചെയ്തതില്‍ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച്‌ ആണ് കൊലപാതകങ്ങള്‍ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫീസറുടെ റിപ്പോർട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.

കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായി സാക്ഷി മൊഴികളിലുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുകയാണ്. പ്രതി പറഞ്ഞ ഒരു കാര്യം മാത്രമാണ് യാഥാർത്ഥ്യമായി തോന്നിയത്. ജയിലില്‍ ജോലി ചെയ്ത് സുധാകരൻ്റെ മക്കള്‍ക്ക് ചിലവിന് കൊടുക്കാം എന്നത് മാത്രം. സാഹചര്യ തെളിവുകള്‍ ആണ് കേസില്‍ ഉള്ളത്. അത് കൊണ്ട് മാത്രം വധശിക്ഷ നല്‍കാൻ ആകില്ല എന്നാണ് മുൻ വിധികള്‍. നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. മുൻ കേസ് ശിക്ഷയില്‍ പരിഗണിക്കരുത് എന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. മുത്തശ്ശിയെ കൊന്നതോടെ മക്കള്‍ക്ക് അതിജീവിക്കാനുള്ള അവസരം പ്രതി ഇല്ലാതാക്കിയെന്നും കോടതി പറഞ്ഞു. അതേസമയം, പ്രതി മാനസിക സമ്മർദ്ദം ഉള്ളതിനാല്‍ സ്വയം അവസാനിക്കാനാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയ വിഷം സൂക്ഷിച്ചതെന്ന പ്രതിഭാഗത്തിൻ്റെ വാദം തെളിഞ്ഞില്ല. പ്രതിഭാഗത്തിൻ്റെ വാദം പൂർണമായി തള്ളിയ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

Post a Comment

0 Comments