News

6/recent/ticker-posts

Header Ads Widget


'യുവതയും വിദ്യാര്‍ഥികളുമാണ് പ്രധാനം, പദവികളല്ല'; ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ അമിത്ഷാ



ന്യൂഡല്‍ഹി: കേവലം സ്ഥാനമാനങ്ങള്‍ക്കപ്പുറത്തേക്ക് യുവതയും വിദ്യാർഥികളുമാണ് ബിജെപിക്ക് പ്രധാനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.ഡല്‍ഹിയില്‍ ദിവസങ്ങളോളം നീണ്ടുനിന്ന വിദ്യാർഥി സമരത്തിനൊടുവില്‍ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ് അമിത്ഷായുടെ പ്രതികരണം.

'ബിജെപിയെ സംബന്ധിച്ചിടത്തോളം, നമ്മുടെ രാജ്യത്തെ യുവാക്കളും വിദ്യാർഥികളുമാണ് മറ്റേതൊരു രാഷ്ട്രീയപദവിയേക്കാളും പ്രധാനം. ഈ തത്വത്തിന് അടിവരയിടുന്നതാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്‍റെ രാജി.' ഷാ എക്സില്‍ കുറിച്ചു.

'രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മോദി സർക്കാർ ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നത്. ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ ആവശ്യമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധവുമാണ് ഈ സർക്കാർ. പേപ്പർ ചോർച്ചയില്‍ കുറ്റക്കാരായവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ മോദിജി സ്വീകരിച്ച തീരുമാനങ്ങള്‍ ശ്ലാഘനീയമാണ്. നീറ്റ് പരീക്ഷയില്‍ വിജയം വരിച്ച വിദ്യാർഥികള്‍ക്ക് ഈ നടപടികള്‍ പൂർണനീതി ഉറപ്പാക്കുമെന്ന് എനിക്ക് പൂർണവിശ്വാസമുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.സിജെപി നേതാക്കളുമായി കേന്ദ്രം മൂന്നാംഘട്ട ചർച്ച നടത്താനിരിക്കെയാണ് ധർമേന്ദ്ര പ്രധാൻ ഇന്നലെ രാജിവച്ചത്. ആദ്യഘട്ടത്തില്‍ എന്തുവന്നാലും രാജിവെക്കില്ലെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രവും പ്രധാനും സ്വീകരിച്ചിരുന്നത്. എന്നാല്‍, ജന്തർ മന്തറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി പടർന്നതോടെ കേന്ദ്രസർക്കാർ മുട്ടുകുത്തുകയായിരുന്നു.

ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങള്‍ തൃപ്തികരമായിരുന്നെന്നും എന്നാല്‍ വിദ്യാർഥികളെ തെറ്റിധരിപ്പിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ ശ്രമിച്ചുവെന്നുമാണ് ധർമേന്ദ്ര പ്രധാന്‍റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ യുവാക്കളെ ആശയക്കുഴപ്പത്തിന്‍റെ കെണിയില്‍ വീഴാൻ അനുവദിക്കില്ലെന്നും ജന്തർ മന്തറിലും രാജ്യത്തും ഉടലെടുത്ത സാഹചര്യം, രാഷ്ട്രവിരുദ്ധ ശക്തികള്‍ മുതലെടുക്കാതിരിക്കാൻ വേണ്ടിയാണ് ഈ രാജിയെന്നും കത്തില്‍ പറയുന്നു.അതേസമയം സമരം വിജയം കണ്ടുവെന്നായിരുന്നു സിജെപി സ്ഥാപകന്‍ അഭിജീത് ദ്വീപ്‌കെയുടെ പ്രതികരണം. 'ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത്. നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കില്‍, ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ആരുടെ രാജി വേണമെങ്കിലും സാധ്യമാക്കാം,' അഭിജീത് ദീപ്കെ പറഞ്ഞു.

Post a Comment

0 Comments