ന്യൂഡല്‍ഹി: ഡല്‍ഹി എകെജി ഭവനില്‍ എസ്‌എഫ്‌ഐ ഡല്‍ഹി സെക്രട്ടറിയും ജെഎൻയു മുൻ യൂണിയൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം.ജന്തർ മന്തറിലെ സിജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍, ഈ സമരവുമായി ബന്ധപ്പെട്ടല്ല, മറിച്ച് പഴയൊരു കേസിന്‍റെ പേരില്‍ നടപടിയെടുക്കാനാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് വിവരം. സിപിഎം നേതാക്കളും മാധ്യമങ്ങളും അഭിഭാഷകൻ അഡ്വ.സുഭാഷ് ചന്ദ്രൻ ഉള്‍പ്പെട്ടവർ സ്ഥലത്തെത്തിയതിനെ തുടർന്ന് ഡല്‍ഹി പൊലീസ് ഘോഷിനെ കസ്റ്റഡിയിലെടുക്കാതെ മടങ്ങി.35 ദിവസത്തോളം നീണ്ടുനിന്ന സമരത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ഐഷി ഘോഷ് നിരാഹാര സമരത്തിലും പങ്കെടുത്തിരുന്നു. കേസിന്‍റെ പൂർണവിവരങ്ങള്‍ നല്‍കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് സിപിഎം നേതാക്കള്‍ പ്രതികരിച്ചു. കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് നീക്കം. പൊലീസിന്‍റെ നീക്കത്തിനെതിരെ സിപിഎം, എസ്‌എഫ്‌ഐ നേതാക്കള്‍ സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്.
പൊലീസിന്‍റേത് നിയമവിരുദ്ധമായ നടപടിയാണെന്നും കാര്യങ്ങള്‍ പരിശോധിച്ച് അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി. യാതൊരു ആവശ്യവുമില്ലാതെ ഒരു ദേശീയ പാർട്ടിയുടെ ഓഫീസിലേക്ക് കടന്നുവന്നത് വ്യക്തമായ പ്രതികാര നടപടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പ്രതികരിച്ചു. എന്ത് തോന്നിവാസവും കാണിക്കാമെന്ന രീതിയിലേക്ക് അമിത് ഷായുടെ പൊലീസ് മാറിയിരിക്കുകയാണെന്നും സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോയതുപോലെ ഐഷി ഘോഷിനെ പാർട്ടി ഓഫീസില്‍ നിന്ന് തട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിച്ചതെന്നും എം.എ ബേബി പറഞ്ഞു.


0 Comments