News

6/recent/ticker-posts

Header Ads Widget


പാലായില്‍ പൊട്ടിത്തെറി; നഗരസഭാ ഭരണസമിതിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍



കോട്ടയം: പാലാ യുഡിഎഫില്‍ പൊട്ടിത്തെറി. നഗരസഭാ ഭരണസമിതിക്ക് നല്‍കുന്ന പിന്തുണ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്‍വലിച്ചു.ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി.

സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

പ്രമേയം ജില്ലാ നേതൃത്വത്തിന് അയക്കുമെന്നും പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ചെടുത്തതാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി പ്രതികരിച്ചു.

വിഷയത്തില്‍ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് പാലായില്‍ ഭരണം പിടിച്ചത്. നിലവിലെ പ്രതിസന്ധിയില്‍, യുഡിഎഫ് സംസ്ഥാന നേതൃത്വവുമായാണ് തങ്ങള്‍ക്ക് കരാറെന്നാണ് സ്വതന്ത്ര കൂട്ടായ്മയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയിരുന്നു. ഡിവൈഎഫ്‌ഐ സമ്മേളനത്തിനായി കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രതിഷേധത്തിന് കാരണമായത്.ബസ് സ്റ്റാന്‍ഡ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെങ്കിലും കൂടുതല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ അജണ്ട പാസാക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.

നഗരസഭയിലെ സ്വതന്ത്ര അംഗങ്ങളായ ബിനു പുളിക്കക്കണ്ടവും ബിജുവും കൗണ്‍സിലില്‍ പങ്കെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഇത് എല്‍ഡിഎഫും സ്വതന്ത്രരും തമ്മിലുള്ള ഒത്തുകളിയാണെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു.

Post a Comment

0 Comments