News

6/recent/ticker-posts

Header Ads Widget


‘പോഷകസമൃദ്ധം പ്രഭാതം’; ഓമശ്ശേരിയിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി


ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന ‘പോഷകസമൃദ്ധം പ്രഭാതം’ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. പുത്തൂർ ഗവ. യു.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സൗദ ടീച്ചർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ദാസൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത് പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും പുത്തൂർ സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ യൂനുസ് അമ്പലക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ ഷഫ്‌ന മാളിയേക്കണ്ടി, ഒ.പി. ഖലീൽ ഓമശ്ശേരി, വെളിമണ്ണ യു.പി. സ്കൂൾ പ്രധാനാധ്യാപകൻ യു.പി. അബ്ദുൽ ഖാദർ, പുത്തൂർ സ്കൂൾ എം.പി.ടി.എ. പ്രസിഡന്റ് ഷെറീജ, മൻസൂർ പാറങ്ങോട്ടിൽ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥയും സ്കൂൾ പ്രധാനാധ്യാപികയുമായ വി. ഷാഹിന ടീച്ചർ സ്വാഗതവും ദീപ ടീച്ചർ നന്ദിയും പറഞ്ഞു.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പോഷകാഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പഞ്ചായത്തധികൃതർ പറഞ്ഞു.

2026–27 അധ്യയന വർഷത്തിൽ പഞ്ചായത്തിലെ അഞ്ച് സർക്കാർ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പുത്തൂർ ജി.യു.പി. സ്കൂൾ, ചാത്തവെണ്ണക്കോട് ജി.എൽ.പി. സ്കൂൾ, കെടയത്തൂർ ജി.എൽ.പി. സ്കൂൾ, ചാമോറ ജി.എൽ.പി. സ്കൂൾ, വെളിമണ്ണ ജി.എം.എൽ.പി. & യു.പി. സ്കൂൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 4.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ സ്കൂളിലെ അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments