കൊച്ചി: മാസപ്പടി കേസില്‍ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ഭാര്യ ടി. വീണയെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).വിവാദമായ 'റെഡ് ബുക്കില്‍' ഉള്ളത് റിയാസുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങളാണെന്നും, ഹവാല ഇടപാടുകള്‍ നടത്തിയതായി വീണ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇ.ഡി സംസ്ഥാന പൊലിസ് മേധാവിക്ക് കത്ത അയച്ചു. റെഡ് ബുക്കിലെ ചില താളുകളുടെ പകർപ്പുകളും കണക്കുകളും കത്തോടൊപ്പം നല്‍കിയിട്ടുണ്ട്. ദുബൈയിലുള്ള ഒരു വ്യക്തിക്ക് പണം അയച്ചതിന്റെ വിവരങ്ങളും, റെഡ് ബുക്കില്‍ ഇതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയത് വീണയാണെന്നുമുള്ള വിവരങ്ങളാണ് കത്തിലുള്ളത്.ചോദ്യം ചെയ്യലില്‍ ഉയർന്നുവന്ന രേഖകളുടെ അടിസ്ഥാനത്തില്‍, ഹവാല വഴി വിദേശത്തേക്ക് പണം കൈമാറിയ കാര്യം വീണ സമ്മതിച്ചതായി ഇ.ഡി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വീണയ്ക്ക് സ്വന്തമായി പ്രത്യേക വരുമാനമില്ലാതിരുന്ന കാലയളവിലാണ് ഈ ഇടപാടുകള്‍ നടന്നിട്ടുള്ളത്. ഈ തുക മുഴുവൻ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതാണെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തല്‍.
ഹവാല വഴി പണം കടത്തിയതിലും വിദേശത്ത് നിക്ഷേപം നടത്തിയതിലും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ഇ.ഡി പൊലിസിനെ സമീപിച്ചിരിക്കുന്നത്.പൊലിസ് കേസിനായി കാത്തുനില്‍ക്കാതെ, ഹവാല-കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമങ്ങള്‍ (PMLA) പ്രകാരം ഇ.ഡി തന്നെ നേരിട്ട് കേസ് എടുക്കാനുള്ള നീക്കത്തിലാണ്. കേസില്‍ സി.എം.ആർ.എല്‍ (CMRL) കമ്പനി ഉദ്യോഗസ്ഥരെയും ഓഡിറ്റർമാരെയും ചോദ്യം ചെയ്ത ശേഷം അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.


0 Comments