News

6/recent/ticker-posts

Header Ads Widget


വെറും 89 റണ്‍സിന് പുറത്ത്! കിവീസിനെതിരേ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി


മൗണ്ട് മൗംഗനുയി: ന്യൂസിലന്ഡിനെതിരായ നാലാം ഏകദിനത്തില് ഇന്ത്യക്ക് 244 റണ്‍സിന്റെ നാണംകെട്ട തോല്‍വി. 334 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ വെറും 89 റണ്‍സിന് പുറത്തായി.കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില് തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാറ്റ് ഹെന്റി എറിഞ്ഞ ഓവറില് നേരിട്ട ആദ്യ പന്തില് തന്നെ രോഹിത് ശര്മ (പൂജ്യം) പുറത്തായപ്പോള്‍ അഞ്ചാം പന്തില് വിരാട് കോഹ്ലിയും (പൂജ്യം) തൊട്ടടുത്ത പന്തില് ക്യാപ്റ്റന് ശ്രേയസ് അയ്യറും പുറത്തായി. ഇതോടെ അക്കൗണ്ട് തുറക്കാനാകുന്നതിനു മുമ്പേ മൂന്ന് മുൻനിര ബാറ്റർമാരാണ് പവലിയനില്‍ തിരിച്ചെത്തിയത്.

ആറാം ഓവറില് ഋതുരാജ് ഗെയ്കവാദും (അഞ്ച്) മടങ്ങിയതോടെ ഒമ്പത് റണ്‍സിന് നാലുവിക്കറ്റ് എന്ന ദയനീയ അവസ്ഥയിലായി ഇന്ത്യ. പിന്നാലെ ക്രീസില്‍ ഒന്നിച്ച അക്സർ പട്ടേലും ഇഷാൻ കിഷനും ചേർന്ന് സ്കോർ 50 കടത്തി. എന്നാല്‍, സ്കോർ 53 റണ്‍സില്‍ നില്ക്കെ അക്സർ (21) പുറത്തായി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും (27) മടങ്ങിയതോടെ ആറിന് 61 എന്ന നിലയില്‍ ഇന്ത്യ പരാജയം മുന്നില്‍കണ്ടു.പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്ന ഇന്ത്യയ്ക്കു വേണ്ടി നമാൻ ധിർ (21) മാത്രമാണ് പൊരുതാൻ മനസുകാണിച്ചത്. ആഖിബ് നബി (അഞ്ച്), കുല്‍ദീപ് യാദവ് (ഒന്ന്), ഗുർനൂർ ബ്രാർ (രണ്ട്) എന്നിവർ വന്നപോലെ മടങ്ങിയതോടെ ഇന്ത്യ വമ്പൻ തോല്‍വി വഴങ്ങി.

ന്യൂസിലൻഡിനു വേണ്ടി മാറ്റ് ഹെൻറി 27 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാത്യു ഫിഷർ മൂന്നും കൈല്‍ ജാമിസണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, തകർപ്പൻ സെഞ്ചുറി നേടിയ വില്‍ യംഗിന്റെയും അർധസെഞ്ചുറി നേടിയ ടിം സീഫെർട്ടിന്റെയും പ്രകടനമാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. യംഗ് 108 പന്തില്‍ 14 ബൗണ്ടറികളും നാലു സിക്സറും ഉള്‍പ്പെടെ 125 റണ്‍സെടുത്തപ്പോള്‍ സീഫർട്ട് 48 പന്തില്‍ 58 റണ്‍സെടുത്തു.

Post a Comment

0 Comments