News

6/recent/ticker-posts

Header Ads Widget


മതിലില്‍ അര്‍ജന്‍റീന, മുകളില്‍ ഫുട്ബാള്‍; സുബൈര്‍ വാഴക്കാടിന് സ്നേഹവീടൊരുങ്ങുന്നു


ദുബൈ: മതില്‍ മുഴുവന്‍ അര്‍ജന്‍റീനന്‍ മയം, മുകളില്‍ മെസ്സിയുടെ ജഴ്സിയും ഫുട്ബാളും. മലബാര്‍ ഭാഷയില്‍ കളിപറഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം സ്വദേശി സുബൈര്‍ വാഴക്കാടിനായൊരുങ്ങുന്ന വീടിന്‍റെ മാതൃകയാണിത്.നിര്‍മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന വീടിന്‍റെ താക്കോല്‍ ദാനം ഈ മാസം 19ന് നടക്കുമെന്ന് വീട് നിര്‍മിച്ച്‌ നല്‍കുന്ന യു.എ.ഇയിലെ പ്രവാസി വ്യവസായി സ്മാര്‍ട് ട്രാവല്‍ എം.ഡി അഫി അഹ്മദ് വ്യക്തമാക്കി. പിതാവ് യു.പി.സി. അഹമ്മദ് ഹാജിയുടെ ഓര്‍മക്കായി നിര്‍മിച്ച വീടിന് യു.പി.സി വില്ല എന്നാണ് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പോടെയാണ് സുബൈര്‍ വാഴക്കാട് നാട്ടിലെ താരമായത്. അര്‍ജന്‍റീനയുടെ കട്ട ഫാനായ സുബൈര്‍ ലോകകപ്പിനിടെ മത്സരങ്ങള്‍ അവലോകനം ചെയ്തും പ്രവചിച്ചും കമന്‍ററി പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി. എന്നാല്‍, കളി പറച്ചിലിനിടയിലും സുരക്ഷിതമായ വീടെന്ന സ്വപ്നം സുബൈറിന് അകലെയായിരുന്നു. ഇതറിഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഫി അഹ്മദ് വീട് നിര്‍മിക്കാന്‍ മുന്നോട്ടുവരുകയായിരുന്നു. 70 ദിനം കൊണ്ട് വീട് പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു. ആദ്യം ഖത്തറില്‍ പോയി കളി കാണാന്‍ എല്ലാ ചിലവും വഹിക്കാമെന്നാണ് അഫി പറഞ്ഞിരുന്നത്. എന്നാല്‍, പ്രായമായ പിതൃ സഹോദരിമാര്‍ വീട്ടിലുള്ളതിനാല്‍ വാഗ്ദാനം സുബൈര്‍ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു. ജനുവരി ഒന്നിന് സുബൈറിന്‍റെ വീട്ടിലെത്തിയ അഫി ആദ്യ ഘട്ട ചെലവിന് നാല് ലക്ഷം രൂപ കൈമാറിയിരുന്നു.

വീടിന്‍റെ മുകള്‍ ഭാഗം ഫുട്ബാളിന്‍റെ രൂപമാണ്. എന്‍ജിനിയര്‍ സഫീറിന്‍റെ ജേംസ്റ്റോണ്‍ എന്ന കമ്ബനിയാണ് രൂപകല്‍പ്പനയും നിര്‍മാണവും. പഞ്ചായത്തംഗം എം.കെ.സി. നൗഷാദ്, എം.പി. അബ്ദുല്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപവത്കരിച്ച്‌ ഈ മാസം 19ന് നടക്കുന്ന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Post a Comment

0 Comments