News

6/recent/ticker-posts

Header Ads Widget


വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു, എന്‍സിപി പിളര്‍പ്പിന്റെ പശ്ചാത്തലത്തിലെന്ന് സൂചന


ദില്ലി : ഈ മാസം 13, 14 തീയതികളില്‍ ബെംഗളൂരുവില്‍ ചേരാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. എൻസിപി പിളര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.മുതിര്‍ന്ന നേതാവ് ശരദ് പവാറിന്റെ കൂടി ആശിര്‍വാദത്തിലും നേതൃത്വത്തിലുമായിരുന്നു പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച്‌ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ എൻസിപി പിളര്‍ന്നതോടെ പ്രതിപക്ഷനിരയും ഞെട്ടലിലാണ്. എന്നിരുന്നാലും കര്‍ണ്ണാടക, ബിഹാര്‍ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് ജെഡിയു വക്താവ് കെ.സി ത്യാഗി പ്രതികരിച്ചത്.

അപ്രതീക്ഷിതമായി എൻസിപിയില്‍ ഉണ്ടായ പിളര്‍പ്പില്‍ പ്രതിപക്ഷ നിര നിരാശയിലാണ്. ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും, മല്ലികാര്‍ജുൻ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും സംസാരിച്ചുവെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും പവാറിന് പിന്തുണയറിയിച്ചു.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച്‌ പോരാടാനുളള പ്രതിപക്ഷ സഖ്യ തീരുമാനം ചരിത്ര നീക്കമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാൻ ഒന്നിച്ച്‌ നില്‍ക്കാൻ പാറ്റ്നയില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ പാര്‍ട്ടികള്‍ ഒന്നിച്ച്‌ പോരാടാനുള്ള നീക്കത്തിന് മമത ബാനര്‍ജി, സോണിയാ ഗാന്ധി, നിതീഷ് കുമാര്‍, ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ പച്ചക്കൊടി നല്‍കിയതോടെ അടുത്ത മീറ്റിംഗ് ബംഗ്ലൂരുവില്‍ നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ എൻസിപിയിലുണ്ടായ അപ്രതീക്ഷിത പിളര്‍പ്പ് ഈ നീക്കത്തിനെ പിന്നോട്ടടിപ്പിച്ചെന്നാണ് സൂചന.

Post a Comment

0 Comments