പാലാരിവട്ടത്തെ ഇൻ്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പൊലിസ് കണ്ടെത്തി. വിദ്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവു ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാല്‍ മറ്റു വിവരങ്ങള്‍ കിട്ടിയില്ല. ഇതെ തുടര്‍ന്ന് ഗൂഗിളിന്റെ സഹായത്തോടെയാണ് പാലാരിവട്ടത്തെ കഫേയില്‍ നിന്നും ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ കണ്ടെടുത്തത്. കഫേ ഉടമയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലിസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലിസിനോട് സമ്മതിച്ചിരുന്നു. അട്ടപ്പാടി ഗവ. കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോണ്‍ വഴി സംശയമുന്നയിച്ചതിനെ തുടര്‍ന്നു മടക്കയാത്രയില്‍ അട്ടപ്പാടി ചുരത്തില്‍ വച്ചു സര്‍ട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നു വിദ്യ പൊലിസിനോട് പറഞ്ഞു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ മുൻ എസ്‌എഫ്‌ഐ നേതാവായ കെ വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.



0 Comments