News

6/recent/ticker-posts

Header Ads Widget


പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി ഇന്ന്


കൊച്ചി: മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്നുണ്ടാകും.തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എൻ ഐ എ കണ്ടെത്തല്‍.സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. പ്രതികളുടെ വിസ്താരം കൊച്ചി എൻ ഐ എ കോടതിയിലാണ് പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.ചോദ്യ പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ സംഭവം നടന്ന് 12 വ‍ര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. സംഭവത്തിനുശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എൻ ഐ എ വിചാരണ പൂര്‍ത്തിയാക്കിയത്. മുഖ്യപ്രതി എം കെ നാസര്‍, അധ്യാപകന്‍റെ കൈവെട്ടിയ സവാദ് എന്നിവര്‍ക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈര്‍, നൗഷാദ്, മൻസൂര്‍, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് ഈ ഘട്ടത്തില്‍ വിചാരണ ചെയ്യപ്പെട്ടത്

37 പേരുടെ ആദ്യഘട്ട വിചാരണയില്‍ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 2010 മാര്‍ച്ച്‌ 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്‍റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടിയത്. പോപ്പുലര്‍ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്ബത്തിക സഹായം ലഭിച്ചെന്നും പ്രതികള്‍ക്കും സംഭവത്തിന് മുമ്ബും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തല്‍. യു എ പി എ ചുമത്തിയ ഈ കേസിലാണ് രണ്ടാം ഘട്ട വിധി പ്രസ്താവം കൊച്ചി എൻ ഐ എ കോടതിയില്‍ ഉണ്ടാവുക.

Post a Comment

0 Comments