News

6/recent/ticker-posts

Header Ads Widget


കൂട്ടുപുഴയില്‍ കുഴല്‍പ്പണവേട്ട; അഞ്ചുപേര്‍ പിടിയില്‍


കൂട്ടുപുഴ: കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍പ്പണവുമായി തമിഴ്നാട് സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍.ഇവരില്‍നിന്ന് ഒരു കോടി 12 ലക്ഷം രൂപ പിടിച്ചെടുത്തു.

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇൻസ്പെക്ടര്‍ പി.ടി. യേശുദാസന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ വിഷ്ണു, സെന്തില്‍, മുത്തു, പളനി, സുടലി മുത്തു എന്നിവര്‍ പണവുമായി പിടിയിലായത്. ബംഗളൂരു- കോഴിക്കോട് റൂട്ടില്‍ നൈറ്റ് സര്‍വീസ് നടത്തുന്ന ബസിലെ യാത്രക്കാരിയിരുന്നു ഇവര്‍. സംശയം തോന്നി പരിശോധിച്ചപ്പോള്‍ അരയില്‍ കെട്ടിവച്ച നിലയിലാണ് പണം കണ്ടെത്തിയത്. സ്വര്‍ണമിടപാട് സംഘത്തിലെ കാരിയര്‍മാരാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം. പിടികൂടിയവരെ എക്സ ൈസ് പോലീസിനു കൈമാറി.

പിടിയിലായവര്‍ പറഞ്ഞത് ഇങ്ങനെ: സ്വര്‍ണക്കടത്ത് സംഘത്തിനു വേണ്ടി കൂലിക്ക് ജോലി ചെയ്യുന്നവരാണ് തങ്ങള്‍. ഏതാനും ദിവസം മുന്പാണ് ഈ ജോലിയാരംഭിച്ചത്. കഴിഞ്ഞ ദിവസം തമിഴ്നാട് മധുരയില്‍ നിന്നും സ്വര്‍ണവുമായി ബാംഗളൂരിലെത്തി ഒരാള്‍ക്ക് കൈമാറിയ പണമാണ് ഇത്. പണം നല്‍കിയ ആള്‍ ഈ തുകയുമായി കോഴിക്കോട് ചെന്നാല്‍ ഒരാള്‍ ബന്ധപ്പെടുമെന്നും അയാള്‍ നല്‍കുന്ന പഴയ സ്വര്‍ണത്തിന് പണം നല്‍കിയ ശേഷം സ്വര്‍ണവുമായി ബംഗളൂരുവിലെത്താനുമാണ് നിര്‍ദേശിച്ചത്. ഫോണ്‍ വഴി ലഭിക്കുന്ന നിര്‍ദേശാനുസരണം കാര്യങ്ങള്‍ ചെയ്യും. അല്ലാതെ മറ്റൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് ഇവര്‍ പറഞ്ഞത്. 

ഇവരുടെ കൈയില്‍നിന്നും കസ്റ്റഡിയിലെടുത്ത ഫോണിലെ കോള്‍ വിവരങ്ങള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. സ്വര്‍ണക്കടത്ത്, കുഴല്‍പ്പണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വൻ ലോബിയാണ് ഇതിനു പിന്നിലെന്നാണ് പോലീസ് നിഗമനം. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. 

പി.ടി. യേശുദാസനെ കൂടാതെ എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ ജോണി ജോസഫ്, നിസാര്‍, ഗ്രേഡ് പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.കെ. ഷാജൻ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ്, വിനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ കൂട്ടുപുഴയില്‍ നടത്തിയ പരിശോധനയില്‍ 12 എൻഡിപിസി കേസുകള്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ണൂര്‍ അസി. എക്സൈസ് കമ്മീഷണര്‍ പി. എല്‍.ഷിബു, ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ രജനീഷ് എന്നിവര്‍ പറഞ്ഞു.

Post a Comment

0 Comments